lory
കൊല്ലം - തിരുമംഗലം ദേശീയപാതയിലെ ഇടമൺ കുന്നുംപുറം ജംഗ്ഷന് സമീപം ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിഞ്ഞ നിലയിൽ

 നാലംഗ കുടുംബം രക്ഷപ്പെട്ടത് അദ്ഭുതകരമായി

പുനലൂർ: ‌കൊല്ലം - തിരുമംഗലം ദേശീയപാതയിൽ ഇടമൺ കുന്നുംപുറം ജംഗ്ഷന് സമീപം സിമന്റ് കയറ്റിവന്ന കൂറ്റൻ ടോറസ് ലോറി മൺതിട്ടയിടിഞ്ഞ് ഇരുപതടി താഴ്ചയിലേക്ക് പതിച്ച് വീട് തകർന്നു. ഉച്ചത്തിലുള്ള ശബ്ദം കേട്ട് വീട്ടിനുള്ളിൽ ഉറങ്ങുകയായിരുന്ന ഗൃഹനാഥനും ഭാര്യയും കുട്ടികളുമായി പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ ദുരന്തം ഒഴിവായി.

വ്യാഴാഴ്ച രാത്രി 11.30ഓടെ കുന്നുംപുറം പ്രിയദർശിനി ഭവനിൽ അനിൽ കുമാറിന്റെ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടിന് മുകളിലേക്കാണ് ലോറി തലകീഴായി മറിഞ്ഞത്. വീടിന്റെ പാർശ്വഭിത്തികൾക്ക് വിള്ളലേൽക്കുകയും മേൽക്കൂരയും ടോയ്ലെറ്റും തകരുകയും ചെയ്തു. കേരളത്തിലേക്ക് സിമന്റുമായി എത്തിയ തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പാർശ്വഭിത്തിയില്ലാത്ത ഈ ഭാഗത്ത് ലോറിയുടെ ചക്രങ്ങൾ കയറിയതും ഭാരം താങ്ങാനാകാതെ മൺതിട്ട ഇടിയുകയുമായിരുന്നു.

നാട്ടുകാരും പൊലീസും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ലോറി ഡ്രൈവറെ കണ്ടെത്താനായില്ല. ഡ്രൈവർ ലോറിയിൽ നിന്ന് ചാടി രക്ഷപ്പെട്ടതായാണ് നിഗമനം. ഇതേസമയം, സംഭവം നേരിൽ കണ്ട സമീപവാസിയായ വയോധികയെ രക്തസമ്മർദ്ദം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുനലൂരിൽ നിന്ന് ഫയർഫോഴ്സും തെന്മല പൊലീസും സ്ഥലത്തെത്തി പാതയുടെ മദ്ധ്യഭാഗത്ത് അപകട സൂചനാ ബോർഡ് സ്ഥാപിച്ചു. ഇന്നലെ ഉച്ചയോടെ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി. സിമന്റ് ചാക്കുകൾ മറ്റൊരു ലോറിയിൽ കയറ്റിഅയച്ചു.