കൊല്ലം: അഷ്ടമുടി കായലിൽ തെക്കുംഭാഗം - ദളവാപുരം പാലത്തിനടിയിൽ തകർന്നുവീണ സ്പാൻ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ഡ്രഡ്ജിംഗ് ഉടൻ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
നീണ്ടകര മുതലുള്ള ഡ്രഡ്ജിംഗ് പണികൾ ഉൾപ്പെടെ ചെയ്യാൻ 9.9 കോടി രൂപയുടെ ഭരണാനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡ്രഡ്ജിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ മുഖേനെ ടെണ്ടർ പൂർത്തീകരിച്ചു. ജൂൺ 17ന് നീണ്ടകര പാലം മുതൽ മാമൻതുരുത്ത് വരെയുള്ള ഡ്രഡ്ജിംഗ് ആരംഭിക്കുകയും ചെയ്തു.
ദളവാപുരം പാലത്തിന് അടിയിലുള്ള സ്പാൻ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന്റെ ചുമതല ഹാർബർ എൻജിനിയറിംഗ് വകുപ്പിനെ ഏൽപ്പിച്ചിട്ടുണ്ട്. ഡ്രഡ്ജിംഗ് നടത്തുന്ന പ്രദേശത്ത് വിവിധ സ്വഭാവത്തിലുള്ള അവശിഷ്ടങ്ങൾ അടിഞ്ഞുകൂടും. ഇത് അനുയോജ്യമായ ഉപകരണങ്ങളുടെ സഹായത്തോടെ നീക്കം ചെയ്യണമെന്ന വ്യവസ്ഥമാറ്റി എല്ലാ അവശിഷ്ടങ്ങളും മാറ്റാനാവുന്ന പുതിയ യന്ത്രങ്ങൾ ഉപയോഗിക്കണമെന്ന വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഡ്രഡ്ജിംഗ് മുടങ്ങി മണ്ണും ചെളിയും കുന്നുകൂടി കരപ്രദേശങ്ങളുണ്ടാവുന്നതിനാൽ കായലിലെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ട് മത്സ്യബന്ധനത്തിന് പ്രതിസന്ധി നേരിടുന്നുണ്ട്. ബോട്ടുചാലുകൾപോലും ഇല്ലാതാകുന്ന അവസ്ഥ ചൂണ്ടിക്കാട്ടി അവതരിപ്പിച്ച സബ്മിഷനിലാണ് മന്ത്രി മറുപടി നൽകിയതെന്ന് എം.എൽ.എ അറിയിച്ചു.