75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം
കൊല്ലം: കൊല്ലം നഗരമദ്ധ്യത്തിലുള്ള മെഡിക്കൽ സ്റ്റോർ കത്തിനശിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം താലൂക്ക് കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കാരുണ്യ മെഡിക്കൽ സ്റ്റോറാണ് അഗ്നിക്കിരയായത്. മരുന്നുകളും ജീവൻ രക്ഷാ ഉപകരണങ്ങളും പൂർണമായും അഗ്നിക്കിരയായി. ഏകദേശം 75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് ഫയർഫോഴ്സിന്റെ പ്രാഥമിക വിവരം.
ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. താലൂക്ക് കച്ചേരി ജംഗ്ഷനിൽ കരുനാഗപ്പള്ളി ഭാഗത്തേക്കുള്ള വെയിറ്റിംഗ് ഷെഡിന് സമീപം രാജ് ടവറെന്ന മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ഷെമീറയുടെ പേരിലുള്ള കാരുണ്യ മെഡിക്കൽ സ്റ്റോർ. പുലർച്ചെ കടയുടെ ഷട്ടറിനിടയിലൂടെ തീയും പുകയും പുറത്തേക്ക് വരുന്നത് കണ്ട ഷൗക്കത്തെന്നയാളാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. കൊല്ലം ഫയർ സ്റ്റേഷൻ ഓഫീസർ ഡി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് രണ്ടര മണിക്കൂർ പ്രയത്നിച്ചാണ് തീ കെടുത്തിയത്.
ഫയർഫോഴ്സെത്തി കട തുറന്നതോടെ പരിസരത്താകെ പുക വ്യാപിച്ചു. മെഡിക്കൽ സ്റ്റോറിന്റെ മുകൾ നിലകളിൽ എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ് സ്ഥാപനമുൾപ്പെടെ മറ്റ് മൂന്ന് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. ഇവിടേയ്ക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് കരുതുന്നു. കെട്ടിടത്തിനും കേടുപാടുകളുണ്ടായി. ഫയർഫോഴ്സ് - ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ എന്നിവർ രാവിലെ കടയിലെത്തി പരിശോധന നടത്തി. ഏകദേശം 60 ലക്ഷം രൂപയുടെ മരുന്ന് സ്റ്റോക്കുണ്ടായിരുന്നതായി മെഡിക്കൽ സ്റ്റോർ ഉടമകൾ പൊലീസിനോട് പറഞ്ഞു. കൊല്ലം ഈസ്റ്റ് പൊലീസും കൺട്രോൾ റൂമിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.