കൊട്ടിയം: ഷോക്കേറ്റ് വീണ മയിലിന് നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് പുതുജീവൻ ലഭിച്ചു. മയ്യനാട് കാരിക്കുഴി ഏലായിൽ ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഏലായിൽ നിന്ന് പറന്നുയർന്ന മയിൽ 11 കെ.വി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് റോഡിലേക്ക് വീഴുകയായിരുന്നു.
സംഭവം നേരിൽക്കണ്ട പ്രദേശവാസികളായ രാജേഷ് മോഹൻ, ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ മയിലിന് സി.പി.ആർ അടക്കമുള്ള പ്രാഥമിക ശുശ്രൂഷകൾ നൽകി. പരവൂർ ഗവ. വെറ്ററിനറി ആശുപത്രിയിൽ നിന്ന് ഡോ. ജിനി ആനന്ദ് സ്ഥലത്തെത്തി കുത്തിവയ്പും ഗ്ലൂക്കോസ് വെള്ളവും നൽകി. തുടർന്ന് പൊലീസ് കൺട്രോൾ റൂം ഉദ്യോഗസ്ഥർ മയിലിനെ ഏറ്റുവാങ്ങി കൊല്ലം വനം വകുപ്പ് ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജോബി, ഡ്രൈവർ ബിജു മോൻ എന്നിവർക്ക് കൈമാറി. മയിലിനെ ജില്ലാ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് ആരോഗ്യനില പരിശോധിച്ച ശേഷം വനത്തിൽ തുറന്നുവിടുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.