കിഴക്കേ കല്ലട: കിഴക്കേ കല്ലട സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ അനീഷും എ.എസ്.ഐ സുനിലും റോഡിലൂടെ വേഗത്തിൽ കടന്നുപോകവേ അവിചാരിതമായി വൈദ്യുതിലൈൻ കൂട്ടിമുട്ടി തീപ്പൊരി ചിതറുന്ന ശബ്ദം കേട്ടു. ജീപ്പ് നിറുത്തി ശബ്ദം കേട്ട ഭാഗത്ത് നോക്കിയപ്പോൾ മെയിൻ റോഡിൽ നിന്ന് വശത്തേക്കുപോകുന്ന വൈദ്യുതി ലൈൻ തൊട്ടടുത്ത വീടിന് മുകളിലേക്ക് പൊട്ടിവീണ് കിടക്കുന്ന കാഴ്ച്ചയാണ് കണ്ടത്.

തെക്കേമുറി ലിജോ ഭവനിൽ ലിജോയുടെ വീടിന് മുകളിലാണ് വൈദ്യുതി ലൈൻ പൊട്ടിവീണത്.. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നില്ലെന്ന് അവർക്ക് മനസിലായി. കാര്യമറിയാതെ വീട്ടിൽ നിന്ന് ആരെങ്കിലും പുറത്തിറങ്ങിയാൽ അപകടം ഉറപ്പ്. ആരും പുറത്തിറങ്ങരുതെന്ന് അവർ ഉച്ചത്തിൽ അലറി. വീട്ടിലുണ്ടായിരുന്ന മദ്ധ്യവയസ്ക ശബ്ദം കേട്ടത് എന്താണെന്നറിയാനായി പുറത്തിറങ്ങാൻ തുടങ്ങുമ്പോഴേക്കും പൊലീസുകാർ സമയോചിതമായി ഇടപെട്ടു.

കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിക്കും വരെ വിവരമറിയിച്ച ശേഷം അനീഷും സുനിലും കാവൽനിൽക്കുകയും ചെയ്തു. വീട്ടിലെ ഗൃൃഹനാഥനും ഭാര്യയും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. എപ്പോഴും മുറ്റത്തുനിന്ന് കളിക്കാറുള്ള വീട്ടിലെ രണ്ട് കുട്ടികൾ ഈ സമയം അടുത്ത വീട്ടിലായിരുന്നതിനാലാണ് വൻഅപകടം ഒഴിവായത്.

മുൻപും ഇത്തരത്തിൽ സംഭവങ്ങളുണ്ടായിട്ടുണ്ട്. വീടിനു മുകളിലൂടെയുള്ള ലൈൻ മാറ്റാൻ കെ.എസ്.ഇ.ബി അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. എത്രയും വേഗം ലൈൻ മാറ്റി സ്ഥാപിക്കണം

ലിജോ, വീട്ടുടമസ്ഥൻ