കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിൽ കോട്ടവട്ടം സ്വദേശികളായ രണ്ട് പേരുടെ പ്രയത്നം കൂടി കൊണ്ടാണ് ഗോവയിൽ നടന്ന ദേശീയ യൂത്ത് കബഡി ടൂർണമെന്റിൽ കേരള കബഡി ടീം വിജയിച്ചത്. നടരാജ് ഭവനിൽ നിധീഷും പാറവിള വീട്ടിൽ വിനുവുമാണ് വിജയത്തിന്റെ പിന്നിലെ ആ താരങ്ങൾ. ഗോവയിൽ നെഹ്റു സ്റ്റേഡിയതിൽ നടന്ന ഫൈനൽ മത്സരത്തിൽ കേരളം മഹാരാഷ്ട്രയോടാണ് വിജയിച്ചത്. മത്സരത്തിൽ നിധീഷ് ഡിഫൻഡറും വിനു റൈഡറുമായിരുന്നു. പത്തംനംതിട്ട ജില്ലയുടെ സീനിയർ ടീമിൽ മൂന്നു വർഷമായി നിധീഷ് കളിക്കുന്നു. ഇടയ്ക്ക് ഒരു വർഷത്തോളം ടീം ക്യാപ്റ്റനുമായിരുന്നു. സംസ്ഥാന സ്കൂൾ കബഡി ടീമിൽ അംഗമായിരുന്ന വിനു നിലവിൽ സർവകലാശാലയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്.
പൊതുകളിസ്ഥലങ്ങൾ ഇല്ല
ഇവരുടെ നേട്ടത്തിൽ നാട് അഭിമാനിക്കുമ്പോൾ ഇവരുടെ മനസിൽ വിഷമമുണ്ടാക്കുന്ന ഒരു പ്രധാന കാര്യമുണ്ട്. സ്വന്തം നാടായ കോട്ടവട്ടത്ത് കബഡി കളിക്കാനും പരിശീലനം നടത്തുവാനും സൗകര്യമില്ലെന്നത്. കോട്ടവട്ടത്ത് പൊതുകളിസ്ഥലങ്ങൾ ഇല്ല. ആകെയുള്ള സ്ഥലം കോട്ടവട്ടം ഹൈസ്കൂൾ മൈതാനമാണ്. കബഡി പരിശീലിക്കാൻ കുട്ടികളുടെ അഭ്യർത്ഥന മാനിച്ചാണ് സ്കൂൾ അധികൃതർ നിശ്ചിത സമയത്തേക്ക് സ്കൂൾ മൈതാനം ഉപയോഗിക്കാൻ അനുവദിച്ചത്. എന്നാൽ കബഡി കളിക്കാനും പരിശീലിക്കാനും ഇവിടം അത്രയോജിച്ചതുമല്ല. കോട്ടവട്ടത് വേറെയുമുണ്ട് കബഡി താരങ്ങൾ. കോഴിക്കോട് സർവകലാശാലാ കബഡി ടീമംഗമായ അർജുൻ എസ്. കുമാർ, പത്തംനംതിട്ട ജില്ലയുടെ ജൂനിയർ കബഡി ടീമംഗമായ ടി.എം. നിഥിൻ തുടങ്ങി കബഡി കളിക്കുന്ന നിരവധി കുട്ടികളുമുണ്ട്. കോട്ടവട്ടത്ത് കബഡികളിക്കാൻ ഇടം വേണമെന്ന ആവശ്യമാണ് എല്ലാവർക്കുമുള്ളത് .