കൊല്ലം: കോൺവെന്റ് ജംഗ്ഷനിൽ പണികഴിപ്പിക്കുന്ന നഗരത്തിലെ മൂന്നാമത്തെ നടപ്പാലം ഇരുപത് ദിവസത്തിനുള്ളിൽ പൂർത്തിയാകും. കരാറായിട്ട് രണ്ട് വർഷത്തിലധികമായെങ്കിലും രൂപരേഖയിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നതിനാൽ നിർമ്മാണം ആരംഭിക്കുന്നത് വൈകിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നിർമ്മാണം തുടങ്ങിയത്. നടപ്പാലം യാഥാർത്ഥ്യമാകുന്നതോടെ വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകൾക്കാണ് പരിഹാരമാകുന്നത്.
നഗരത്തിലെ ഏറ്റവും തിരക്കുള്ള കേന്ദ്രങ്ങളിലൊന്നാണ് കോൺവെന്റ് ജംഗ്ഷൻ. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കാൽനടയാത്രക്കാരുടെ എണ്ണം കുറവാണ്. എന്നാൽ ഗതാഗതകുരുക്കിന് ഇപ്പോഴും അയവില്ല. നേരത്തെ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാൽനട യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവായിരുന്നു. വിദ്യാർത്ഥികൾക്ക് പുറമേ ജില്ലാ ആശുപത്രിയിലും വിക്ടോറിയയിലും എത്തുന്ന ആവശരായ രോഗികളും മെയിൻറോഡിലെയും പായിക്കട റോഡിലെയും വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ജീവനക്കാരും ഉപഭോക്താക്കളും ഇവിടെയെത്തിയാണ് ബസ് കയറുന്നത്.
വരുന്നത് സ്റ്റീൽ പാലം
ഹൈസ്കൂൾ ജംഗ്ഷനിലും ചെമ്മാംമുക്കിലും നിർമ്മാണം പൂർത്തിയായ പാലങ്ങളുടെ പടികൾ കോൺക്രീറ്റാണ്. എന്നാൽ കോൺവെന്റ് ജംഗ്ഷനിലെ നടപ്പാലത്തിൽ സ്റ്റീലും അനുബന്ധ ഘടകങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഏതെങ്കിലും ഘട്ടത്തിൽ പൊളിച്ചുനീക്കേണ്ടി വന്നാൽ കോൺക്രീറ്ര് അവശിഷ്ടങ്ങൾ ഉണ്ടാകില്ലെന്നതിനൊപ്പം സ്റ്റീൽ വീണ്ടും പ്രയോജനപ്പെടുത്താനുമാകും. കൊല്ലത്തിന്റെ അടയാളമായ ക്ലോക്ക് ടവറിന്റെ മാതൃകയിലാണ് ഇരുവശത്തെയും തൂണുകൾ.
നിർമ്മാണ ചെലവ്: 66 ലക്ഷം രൂപ
തറനിരപ്പിൽ നിന്ന് 5 മീറ്റർ ഉയരം
31 മീറ്റർ നീളം
2 മീറ്റർ വീതി