lory
കൊല്ലം - തിരുമംഗലം ദേശീയപാതയിലെ ഇടമൺ കുന്നുംപുറം ജംഗ്ഷന് സമീപം ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിഞ്ഞ നിലയിൽ

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് മൺ തിട്ട ഇടിഞ്ഞ് വീടുകൾക്ക് മുകളിലേക്ക് വാഹനങ്ങൾ മറിയുന്നത് പതിവായിരിക്കുന്നു. പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരുവിധ നടപടിയുമുണ്ടായില്ല. വൻ ദുരന്തങ്ങൾക്കുശേഷമേ നടപടിയുണ്ടാകൂ എന്ന പതിവ് ശൈലി പിൻതുടരുകയാണ് ദേശീയ പാത അധികൃതരും ജനപ്രതിനിധികളും. കഴിഞ്ഞ ദിവസം ഇടമൺ കുന്നുംപുറം ജംഗ്ഷന് സമീപത്തെ പാതോരത്തെ മൺതിട്ട ഇടിഞ്ഞ് 20 അടി താഴ്ചയിലുള്ള വിടിന് മുകളിലേക്ക് സിമന്റ് കയറ്റിയെത്തിയ കൂറ്റൻ ടോറസ് ലോറി മറിഞ്ഞ് വീടിന് നാശം സംഭവിച്ചതോടെ പ്രതിഷേധം ശക്തമാകുകയാണ്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാർശ്വഭിത്തി ഇല്ലാത്ത പാതയോരം ഇടിഞ്ഞ് ലോറി മറിഞ്ഞത്.

സൂചനാബോർഡിലൊതുക്കിയ നടപടി

ലോറിമറിഞ്ഞ വിവരമറിഞ്ഞ് പുനലൂർ ഫയർഫോഴ്സും തെന്മല പൊലീസും സ്ഥലത്തെത്തി പാതയുടെ മദ്ധ്യഭാഗത്ത് അപകട സൂചനാ ബോർഡ് സ്ഥാപിച്ചു. മുമ്പ് അപകടമുണ്ടായപ്പോൾ ഇടിഞ്ഞിറങ്ങുന്ന പാതയോരം അപകട ഭീഷണിയാകുന്നുവെന്ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്ന് പാതയോരത്ത് താത്ക്കാലികമായി മണ്ണിട്ട് നികത്തിയ ശേഷം ഒരു ടാർ വീപ്പയാണ് അപകട സൂചനയായി സ്ഥാപിച്ചത്.

പാർശ്വഭിത്തികെട്ടാൻ

തയ്യാറാകാതെ അധികൃതർ

ആറ് മാസം മുമ്പ് 35.5കോടിയോളം രൂപ ചെലവഴിച്ച് ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുളള റോഡ് റീ ടാറിംഗ് നടത്തിയ ശേഷം പുതിയ കലുങ്കും ഓടയും പാതയോരങ്ങളിൽ ക്രാഷ്ബാരിയറും ചില സ്ഥലങ്ങളിൽ പാർശ്വഭിത്തിയും പണിതിരുന്നു. എന്നാൽ അപകട മേഖലയായ കുന്നുംപുറം അടക്കമുളള നിരവധി സ്ഥലങ്ങളിലെ തകർന്ന പാതയോരങ്ങളിൽ പാർശ്വഭിത്തി കെട്ടി ബലപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. ഇത് കാരണം പ്രദേശവാസികൾ അപകടഭീഷണിയിലാണ്.