കൊല്ലം: കുണ്ടറയിൽ എൻ.സി.പി നേതാവ് അപമാനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചുള്ള പരാതി പിൻവലിക്കാൻ തങ്ങളുടെ പേരിലുള്ള വധശ്രമക്കേസ് പിൻവലിക്കണമെന്ന് യുവതിയുടെ പിതാവ് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തായി.
എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം ജി. പത്മാകരനെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് മറ്റൊരു സംസ്ഥാന നേതാവ് യുവതിയുടെ പിതാവിനെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്. കുണ്ടറ സ്റ്റേഷനിൽ നൽകിയിട്ടുള്ള പരാതി പിൻവലിക്കണമെന്ന് യുവതിയുടെ പിതാവിനോട് സംഭാഷണത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇതിന് യുവതിയുടെ പിതാവിന്റെ മറുപടി ഇങ്ങനെ:
''പത്മാകരൻ ക്രിയേറ്റ് ചെയ്ത ഒരു കേസിലാണ് ഞാനും മകനും ജയിലിൽ കിടന്നത്. ആ കേസ് പിൻവലിച്ചാൽ പത്മാകരനെതിരെ നൽകിയ പരാതി പിൻവലിക്കാൻ മകളോടും ബി.ജെ.പിക്കാരോടും പറയാം.'' അയൽവാസിയെ മുളകുപൊടിയെറിഞ്ഞ ശേഷം ആക്രമിച്ച കേസ് പിൻവലിക്കണമെന്നാണ് യുവതിയുടെ പിതാവ് ആവശ്യപ്പെടുന്നത്.
എൻ.സി.പിക്കുള്ളിലെ പടലപ്പിണക്കവും വ്യക്തിവൈരാഗ്യവുമാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. അതേസമയം, കുണ്ടറ പൊലീസ് യുവതിയുടെ പരാതിയിൽ പത്മാകരന്റെ ഹോട്ടലിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.