കൊല്ലം: എഴുകോൺ ഇരുമ്പനങ്ങാട് പുളിയറ മൂർത്തിക്കാവ് ഭാഗത്തുകാർ ഇനി കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട. ജില്ലാ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി ഇന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നാടിന് സമർപ്പിക്കും. 30 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ 60 കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിക്കുന്നത്. ജില്ലാ പഞ്ചായത്തംഗമായിരുന്ന എസ്.പുഷ്പാനന്ദൻ മുൻകൈയെടുത്താണ് ഇവിടെ കുടിവെള്ള പദ്ധതി തയ്യാറാക്കിയത്. വൈദ്യുതി കണക്ഷൻ ലഭിയ്ക്കുന്നതിന്റെ കാലതാമസത്താലാണ് ഉദ്ഘാടനം വൈകിയത്. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ടാണ് വൈദ്യുതി ലഭിച്ചത്.
ഉയർന്ന പ്രദേശം
പഞ്ചായത്തിലെ താരതമ്യേന ഉയർന്ന പ്രദേശമാണ് പുളിയറ, മൂർത്തിക്കാവ് ഭാഗങ്ങൾ. കരിങ്കല്ലുകൾ അടിത്തട്ടിൽ നിറഞ്ഞ സ്ഥലമാണിവിടം. അതുകൊണ്ടുതന്നെ കിണറുകളിൽ വെള്ളം തീരെക്കുറവാണ്. ആഴത്തിൽ കുഴിക്കാനും കഴിയില്ല. ഡിസംബറിന്റെ ആദ്യവാരത്തിൽത്തന്നെ കുടിവെള്ളക്ഷാമം തുടങ്ങും. മാർച്ച്, ഏപ്രിൽ മാസമെത്തുമ്പോൾ വലിയ വിലയ്ക്ക് കുടിവെള്ളം വാങ്ങി ഉപയോഗിക്കുന്ന ഗതികേടിലായിരുന്നു നാട്ടുകാർ. കുണ്ടറ പദ്ധതിയുടെ പൈപ്പ് ലൈൻ വലിച്ചിട്ടും ഒരു ചെറുകിട കുടിവെള്ള പദ്ധതി കൊണ്ടുവന്നിട്ടും ഗുണം ചെയ്തില്ല. തുടർന്നാണ് ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയത്. കിണർ നിർമ്മിക്കാൻ സ്ഥലം അന്വേഷിച്ചെങ്കിലും അവസാനം പുളിയറ കുളത്തിൽ കിണറും പമ്പുഹൗസും തയ്യാറാക്കുകയായിരുന്നു. മൂർത്തിവിള വീട്ടിൽ സുരേഷ് കുമാർ ടാങ്ക് സ്ഥാപിക്കാനുള്ള സ്ഥലവും സൗജന്യമായി നൽകി. ജല അതോറിറ്റിയ്ക്കായിരുന്നു നിർമ്മാണ ചുമതല.
സമർപ്പണ ചടങ്ങ്
കുടിവെള്ള പദ്ധതി ഇന്ന് ഉച്ചയ്ക്ക് 2ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, ബ്ളോക്ക് പഞ്ചായത്തംഗം എസ്.എച്ച്. കനകദാസ്, മുൻ ജില്ലാപഞ്ചായത്തംഗം എസ്.പുഷ്പാനന്ദൻ, സുധർമ്മ, രഞ്ജിനി അജയൻ, പി.സോണിയ, കെ.സുരേഷ്, ഗോപുകൃഷ്ണൻ, കെ.ഓമനക്കുട്ടൻ, എം.പി.മനേക്ഷ, അനിൽകുമാർ, വിക്രമൻ നായർ, വി.സന്ദീപ് എന്നിവർ പങ്കെടുക്കും.