പുനലൂർ: ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിറുത്താതെ പോയ കാറിൽ ലഹരി വസ്തുക്കൾ കടത്തിയതായി സംശയം. ചെക്ക്പോസ്റ്റ് അധികൃതർ തെന്മല പൊലീസിന് വിവരം നൽകി. തുടർന്ന് തെന്മല പൊലീസ് വാഹനം പിൻ തുടരുന്നത് കണ്ട് കാർ ഉപേക്ഷിച്ച മൂന്നംഗ സംഘം ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. പരിശോധനയിൽ കാറിൽ നിന്ന് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും എസ്.ഐ. ഡി.ജെ.ശാലു പറഞ്ഞു. കല്യാണ ആവശ്യത്തിനെന്ന് പറഞ്ഞ് ഒരാഴ്ച മുമ്പ് വാടകക്കെടുത്ത കാറാണ് ഉപേക്ഷിച്ചത്. സംഭവം അറിഞ്ഞെത്തിയ കാർ ഉടമക്ക് പിഴ അടച്ച ശേഷം വാഹം വിട്ടു നൽകിയെന്ന് പൊലീസ് അറിയിച്ചു.