ഇരവിപുരം: മകളുടെ വീട്ടിൽ നിന്ന് കാണാതായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി കുലശേഖരപുരം പുന്നക്കുളം (പുത്തൻ തെരുവ്) തൗഫീക്കിൽ ഡോ. നസീർ ഹുസൈൻ അഹമ്മദ്ദിനെയാണ് (74) മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ഇദ്ദേഹത്തിന്റെ മകളുടെ വീടായ വടക്കേവിള തേജസ് നഗർ 95 എ. ബൈറൂഹയിൽ നിന്ന് അടുത്തുള്ള മസ്ജിദിലേക്ക് നമസ്കാരത്തിനായി പോയ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. രാത്രിയായിട്ടും തിരികെയെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ഇരവിപുരം പൊലീസിൽ പരാതി നൽകിയ ശേഷം അന്വേഷണം നടത്തി വരവെയാണ് വെള്ളിയാഴ്ച പുലർച്ചെ ഇരവിപുരം കാവൽപ്പുര കടമ്പാട്ട് തൈക്കാവിനടുത്തുള്ള വഴിയിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരവിപുരം പൊലീസ് മേൽനടപടി സ്വീകരിച്ചു.
അഞ്ചു പതിറ്റാണ്ടോളം പുത്തൻ തെരുവിൽ അനി നഴ്സിംഗ് ഹോം എന്ന പേരിൽ ക്ലിനിക് നടത്തിയിരുന്നു. കഴിഞ്ഞ കുറെ നാളുകളായി മകളോടൊപ്പമായിരുന്നു താമസം. കൊടുങ്ങല്ലൂർ തൃപ്രയാർ സ്വദേശിയാണ്.
ഭാര്യ: ഫാത്തിമാ നസീർ. മക്കൾ: ഷെഹ്ന, രെഹ്ന. മരുമക്കൾ: മൺസൂർ (ദുബായ്), ഡോ. ഹസീൻ (കിംസ് ആശുപത്രി കൊട്ടിയം).