കൊല്ലം: നഗരത്തിലെ തെരുവുവിളക്കുകൾ എൽ.ഇ.ഡിയാക്കാൻ സംസ്ഥാന സർക്കാരിന്റെ നിലാവ് പദ്ധതി വേണോ, അതോ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഒപ്പിട്ട ഇ- സ്മാർട്ടുമായുള്ള കരാറുമായി മുന്നോട്ടുപോകണോ എന്ന ആശയക്കുഴപ്പത്തിൽ നഗരസഭ. ഈമാസം 27ന് ചേരുന്ന കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുക്കും. കിഫ്ബി മുൻകൂട്ടി പണം ചെലവാക്കി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചശേഷം നഗരസഭയുടെ സർക്കാർ വിഹിതത്തിൽനിന്ന് തിരിച്ചുപിടിക്കുന്നതാണ് നിലാവ് പദ്ധതി. ലൈറ്റുകൾ സ്ഥാപിക്കാനുള്ള ചുമതല കെ.എസ്.ഇ.ബിക്കാണ്. ഏഴുവർഷം വരെയാണ് വാറന്റി. ഒരു തവണ ഒരു ബൾബിന് 500 രൂപ നിരക്കിൽ കെ.എസ്.ഇ.ബി അറ്റകുറ്റപ്പണി നടത്തും. ഈ തുകയെല്ലാം കിഫ്ബി വഹിച്ച ശേഷം നഗരസഭയിൽ നിന്ന് തിരിച്ചുപിടിക്കും. ഒാരോ പ്രദേശത്തും ആവശ്യമായ പ്രകാശത്തിന്റെ അടിസ്ഥാനത്തിൽ 500 ബൾബുകൾ വീതമുള്ള അഞ്ച് പാക്കേജുകളാണ് നിലാവ് പദ്ധതി മുന്നോട്ടുവയ്ക്കുന്നത്.
തെരുവുവിളക്കുകൾ പൂർണമായും എൽ.ഇ.ഡിയാക്കുന്നതിന് പ്രതിമാസം 39 ലക്ഷം രൂപ നഗരസഭ നൽകണമെന്നതാണ് ഇ - സ്മാർട്ടുമായുള്ള കരാർ. അറ്റകുറ്റപ്പണി കമ്പനി വഹിക്കും. എൽ.ഇ.ഡിയാക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യുത ചാർജ് ലാഭത്തിന്റെ 10 ശതമാനം കമ്പനി നഗരസഭയ്ക്ക് തിരിച്ചുനൽകും. 10 വർഷത്തേക്കാണ് കരാർ.
986 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു
ഇ - സ്മാർട്ടുമായുള്ള കരാറനുസരിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 986 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു. പക്ഷേ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സർക്കാർ ഉത്തരവിന് വിരുദ്ധമായ ചില കാര്യങ്ങൾ കരാറിൽ ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് പദ്ധതി നിറുത്തിവയ്ക്കുകയായിരുന്നു. ഈ കരാർ റദ്ദാക്കിയാലേ നഗരസഭയ്ക്ക് നിലാവ് പദ്ധതിയുമായി മുന്നോട്ടുപോകാനാകൂ.
നിലാവ് പദ്ധതി
ചുമതല കെ.എസ്.ഇ.ബിക്ക്
വാറന്റി 7 വർഷം വരെ
500 ബൾബുകൾ വീതമുള്ള 5 പാക്കേജുകൾ
ഇ - സ്മാർട്ട്
10 വർഷത്തേക്കാണ് കരാർ
പ്രതിമാസം 39 ലക്ഷം രൂപ നഗരസഭ നൽകണം
അറ്റകുറ്റപ്പണി കമ്പനി വഹിക്കും
നഗരത്തിലെ ആകെ തെരുവ് വിളക്കുകൾ: 23733
നിലവിൽ എൽ.ഇ.ഡി: 5002