കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി വിജയിച്ച കുട്ടികളോട് ഫീസ് കുടിശികയുടെ പേരിൽ സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകൾ വിവേചനം കാട്ടുന്നതായി ആക്ഷേപം. സ്കൂളുകൾ പരസ്യപ്പെടുത്തിയ ചിത്രങ്ങളിൽ ചിലരെ മനപൂർവം ഒഴിവാക്കിയതായാണ് ആരോപണം. ഫീസിനത്തിലുള്ള തുക കുടിശിക വരുത്തിയവരുടെ ചിത്രങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്. പരീക്ഷയ്ക്ക് മുമ്പ് ഫീസ് പൂർണമായി അടച്ചില്ലെങ്കിൽ ഹാൾ ടിക്കറ്റ് നൽകില്ലെന്ന് ഭീഷണിപ്പെടുത്തി കുടിശിക ഈടാക്കിയിരുന്നതായും രക്ഷാകർത്താക്കൾ പറയുന്നു.

മികച്ച വിജയം നേടിയ ജില്ലയിലെ പ്രമുഖ എയ്‌ഡഡ്‌ സ്‌കൂളിൽ നിന്ന് പ്രസിദ്ധീകരിച്ച ലിസ്റ്റിൽ നിന്ന് രാമൻകുളങ്ങര സ്വദേശിനിയായ പെൺകുട്ടിക്കും ഇത്തരത്തിൽ ദുരനുഭവമുണ്ടായി. നീതിനിഷേധം ചോദ്യംചെയ്തതതോടെ വിദ്യാർത്ഥിനിയുടെ ഫോട്ടോയില്ലാത്തത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും ഇനി പ്രസിദ്ധീകരിക്കുന്നവയിൽ ഉൾപ്പെടുത്താമെന്നും പറഞ്ഞ് അധികൃതർ തടിയൂരുകയായിരുന്നു. ഉപരിപഠനത്തിനായി മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ ആവശ്യമായി വരുന്ന വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി) ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.