tar

കൊല്ലം: കൊവിഡ് കാലത്ത് എല്ലാവരും അതിജീവനത്തിന്റെ പാത തേടുമ്പോൾ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ ഗവ. കരാറുകാരുടെ ജീവിതം. പൂർത്തിയാവാത്ത പൊതുമരാമത്ത് പണികളിൽ കുരുങ്ങി ബില്ലുകൾക്ക് കുടിശിക വന്നതോടെ ചെലവാക്കിയ പണംപോലും തിരിച്ചുകിട്ടാതെ പ്രയാസപ്പെടുകയാണ് കരാറുകാർ. കുടിശികയുള്ള ഗാരന്റി ഡെപ്പോസിറ്റും ഇ.എം.ഡിയുമൊക്കെ (ഏണസ്റ്ര് മണി ഡെപ്പോസിറ്റ്) കാരണവും കരാറുകാരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലായി. ഇതിനൊപ്പമാണ് പൊള്ളുന്ന ടാർവില. അതുകാരണം ചെറിയ പണികൾപോലും ഏറ്റെടുത്ത് നടത്താനാവാതെ കഷ്ടത്തിലാണ് കരാറുകാർ. ഡെപ്പോസിറ്റായി കെട്ടിവച്ച രണ്ടരശതമാനം ഏണസ്റ്റ് മണി തിരിച്ചുകൊടുക്കാത്തത് കാരണം പുതിയ ടെൻഡറിൽ പങ്കെടുക്കാനും കരാറുകാർക്ക് കഴിയാതെയായി. പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ കരാറുകാർക്ക് ഇ.എം.ഡി ഇനത്തിൽ മാത്രം മൂന്ന് വർഷത്തിനിടെ കുടിശികയുള്ളത് 300 കോടിയിലധികം രൂപയാണ്. കുടിശികയും നഷ്ടവും കാരണം പുതിയ ജോലികൾ ഏറ്റെടുക്കാൻ കരാറുകാർ മടിക്കുകയാണ്. കൊവിഡ് കാലത്ത് കാര്യമായ പണികൾ നടക്കുന്നുമില്ല.

സർക്കാർ കാണാത്ത തീ വില

ടാറുൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ കിട്ടാത്തതും മരാമത്ത് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. പെട്രോളിയം വിലവർദ്ധനയ്‌ക്കനുസരിച്ച് ടാർ വിലയും വാഹനക്കൂലിയും കൂടുന്നത് വൻ ബാദ്ധ്യതയാണുണ്ടാക്കുന്നത്. എസ്.എസ് -1, എസ്-65 എന്നിങ്ങനെ ഗുണനിലവാരമനുസരിച്ച് ടാറിന്റെ വില കൂടും. ക്വാറികളും ക്രഷറുകളും അടച്ചതോടെ പാറ, മെറ്റൽ, ചിപ്സ്, പാറപ്പൊടി എന്നിവയുടെ വിലയും ഉയ‌ർന്നു. അതിനാൽ കരാർപണിക്ക് ചെലവ് കൂടും. എന്നാൽ, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ എൻജിനീയർമാർ സർക്കാർ നിരക്ക് പ്രകാരമുള്ള ബില്ലേ അനുവദിക്കൂ.

ടാർവില മേലോട്ട്

# ഒരു ബാരൽ (വീപ്പ)​ ടാർ- 182 കിലോ, വില- 8,644 രൂപ (ജി.എസ്.ടി ഉൾപ്പെടെ)​

#വീപ്പ പ്രത്യേകം വാങ്ങണം - വില- 236.50 രൂപ

# കാലി വീപ്പവില- 50 രൂപ (ആക്രിക്ക് കൊടുക്കുമ്പോൾ)​

# കരാറുകാർക്ക് കൊടുക്കാനുള്ള കുടിശിക- 300 കോടി

'' കഴിഞ്ഞ ഒരുവർഷത്തിനിടെ പൂർത്തിയാക്കിയ ജോലികളിൽ നൂറ് കോടിയിലേറെ കരാറുകാ‌ർക്ക് കിട്ടാനുണ്ട്. ഇ.എം.ഡിയായും ഗാരന്റിയായും ഈടാക്കിയ 300 കോടി രൂപയും സർക്കാർ പക്കലുണ്ട്. കുടിശിക ഉടൻ വിതരണം ചെയ്യാനും അസംസ്കൃത വസ്തുക്കളുടെ ബില്ലുകൾ വിലയ്‌ക്കനുസരിച്ച് അനുവദിക്കാനും നടപടിയുണ്ടാകാത്ത പക്ഷം പണി നിറുത്തിവയ്‌ക്കാൻ നിർബന്ധിതരാകും.

കെ.കെ. രവി, ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ.,

സംസ്ഥാന കമ്മിറ്റിയംഗം