കൊല്ലം: പെരുംകുളം ഗവ.പി.വി.ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപക നിയമനം നടത്താത്ത വിഷയത്തിൽ ബി.ജെ.പി പ്രത്യക്ഷ സമരത്തിനിറങ്ങുന്നു. അഞ്ച് വർഷമായി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരു അദ്ധ്യാപകൻ പോലുമില്ല. പുതിയ അദ്ധ്യയന വർഷത്തിലും അനുകൂല നിലപാടെടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കേരളകൗമുദി കഴിഞ്ഞ രണ്ട് ദിവസമായി വിഷയം വാർത്തയാക്കിയതോടെ ഇന്നലെ ബി.ജെ.പി പ്രാദേശിക കമ്മിറ്റികൾ ചേർന്ന് സമര പരിപാടികൾക്ക് രൂപം നൽകി. തിങ്കളാഴ്ച രാവിലെ ബി.ജെ.പി കോട്ടാത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിന് മുന്നിൽ നിൽപ്പ് സമരം നടത്തും. രാവിലെ 10ന് നടക്കുന്ന സമരത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ, ജനറൽ സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ എന്നിവരടക്കമുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് ഏരിയ പ്രസിഡന്റ് സന്തോഷ് കോട്ടാത്തലയും ജനറൽ സെക്രട്ടറി സജി പള്ളിയ്ക്കലും അറിയിച്ചു.

നിവേദനം നൽകി

പെരുംകുളം സ്കൂളിൽ അദ്ധ്യാപക നിയമനം ആവശ്യപ്പെട്ട് നാട്ടുകാരുടെ നിവേദനം മന്ത്രി കെ.എൻ.ബാലഗോപാലിന് കൈമാറി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്താനെത്തിയപ്പോഴാണ് മന്ത്രിയ്ക്ക് നിവേദനം നൽകിയത്. സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ രാജ് കിഷോറും നിവേദനം നൽകി. അഞ്ചുവർഷമായി പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി വിഭാഗത്തിൽ അദ്ധ്യാപകരില്ലാത്ത വിഷയത്തിൽ ഗൗരവമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി പൊതുയോഗത്തിൽ ഉറപ്പ് നൽകി.