കൊല്ലം: തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനും സംഘടനാപ്രശ്നങ്ങൾ പരിശോധിക്കാനുമായി സംസ്ഥാന നേതൃത്വത്തിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ബി.ജെ.പി മണ്ഡലം ഭാരവാഹി യോഗങ്ങൾ നാളെ ആരംഭിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, ജില്ലാ പ്രഭാരി കെ. സോമൻ, മേഖലാ സംഘടനാ സെക്രട്ടറി കൂവൈ സുരേഷ്, ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് എന്നിവർ പങ്കെടുത്ത് മൂന്ന് ദിവസങ്ങളിലായാണ് ജില്ലയിലെ 11 മണ്ഡലം യോഗങ്ങളും ചേരുക.
മുപ്പതുപേർ വരെയുള്ള മണ്ഡലംഭാരവാഹി യോഗത്തിൽ പരസ്യമായി പറയാൻ കഴിയാത്ത അഭിപ്രായങ്ങൾ പങ്കെടുക്കുന്ന ഏതെങ്കിലും നേതാവിനോട് മാത്രമായും പറയാം. ഇതിനുപുറമേ കഴിഞ്ഞ മൂന്ന് ടേമുകളായുള്ള മണ്ഡലം ഭാരവാഹികളെയും നേതാക്കളുമായി സംവദിക്കാൻ വിളിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചുമതലകളൊന്നുമില്ലാത്ത ബി.ജെ.പി അനുഭാവികൾക്കും നേതാക്കളെ കണ്ട് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളും പ്രവർത്തനശൈലി സംബന്ധിച്ച നിർദേശങ്ങളും പങ്കുവയ്ക്കാം.
തിങ്കളാഴ്ച കുന്നത്തൂർ, കരുനാഗപ്പള്ളി, ചവറ മണ്ഡലം കമ്മിറ്റികൾ ചേരും. ചൊവ്വാഴ്ച കൊല്ലം, ഇരവിപുരം, കുണ്ടറ, ചാത്തന്നൂർ മണ്ഡലം ഭാരവാഹി യോഗങ്ങളും ബുധനാഴ്ച കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം, പുനലൂർ യോഗങ്ങളും നടക്കും. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാക്കിയ ബി.ജെ.പിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ മത്സരിച്ച ചാത്തന്നൂരിൽ മാത്രമാണ് മുന്നേറ്റമുണ്ടാക്കാനായത്. കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥി മത്സരിച്ചിട്ടും വലിയ വോട്ട് ചോർച്ചയുണ്ടായി. ബി.ഡി.ജെ.എസ് മത്സരിച്ച കുണ്ടറ, ഇരവിപുരം മണ്ഡലങ്ങളിൽ വോട്ട് വൻതോതിൽ മറിഞ്ഞതിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി പ്രവർത്തകർ സജീവമായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.