കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതൃസഹോദരീ ഭർത്താവിന് പത്തുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കരുനാഗപ്പള്ളി സ്വദേശിയായ മദ്ധ്യവയസ്കനെയാണ് കൊല്ലം അഡിഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജി എൻ. ഹരികുമാർ ശിക്ഷിച്ചത്.
സമീപത്തുള്ള പിതൃസഹോദരിയുടെ വീട്ടിൽ രാത്രി ഉറങ്ങാൻ പോയിരുന്ന ഏഴാം ക്ലാസുകാരിയെ 2012 മുതൽ 2014 വരെ പല വട്ടം പ്രതി ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കി.
2017ൽ ബന്ധുവായ സ്ത്രീയുടെ സഹായത്തോടെ തമിഴ്നാട്ടിലെ ആരാധനാകേന്ദ്രത്തിൽ പോകാനെന്ന വ്യാജേന അവിടത്തെ ലോഡ്ജിലെത്തിച്ച പെൺകുട്ടിയെ പ്രതിയും മറ്റ് രണ്ടുപേരും ചേർന്ന് പീഡിപ്പിച്ചതായി മറ്റൊരു കേസ് നിലവിലുണ്ട്. ഈ കേസിന്റെ വിചാരണയ്ക്കിടെയും പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. തുടർന്ന് ശാസ്താംകോട്ട പൊലീസ് കേസെടുക്കുകയായിരുന്നു.
ആദ്യകേസ് കരുനാഗപ്പള്ളി പോക്സോ കോടതിയിൽ വിചാരണയിലിരിക്കെയാണ് രണ്ടാമത്തെ കേസിൽ ശിക്ഷ വിധിച്ചത്. പിഴയായി അടയ്ക്കുന്ന തുക പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണം.
ഇപ്പോൾ തിരുവനന്തപുരം വിജിലൻസ് എസ്.പിയായ കെ. അശോക് കുമാർ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡി. പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.