കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് പച്ചിലയിൽ കല്ലട ജലസേചന പദ്ധതിയുടെ കോടികൾ വിലമതിക്കുന്ന ഭൂമി സംരക്ഷണമില്ലാതെ നശിക്കുന്നു. ഭൂമി ലഭ്യതക്കുറവ് മൂലം വിവിധ സർക്കാർ പദ്ധതികൾ നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ബുദ്ധിമുട്ടുമ്പോഴാണ് രണ്ടര ഏക്കറിൽ പരം ഭൂമി ഉപയോഗശൂന്യമായി കിടക്കുന്നത്. പച്ചിലമലയുടെ അടിവാരത്ത് പച്ചില വളവിൽ ദേശീയ പാതയോടു ചേർന്നാണ് സ്ഥലം . വർഷങ്ങൾക്ക് മുൻപ് കല്ലട ജലസേചന പദ്ധതിയുടെ കീഴിലുള്ള കനാൽ നിർമ്മാണത്തിനോടനുബന്ധിച്ചാണ് അഞ്ച് വ്യക്തികളിൽ നിന്ന് സ്ഥലം ഏറ്റെടുത്തത്. കനാൽ നിർമ്മാണത്തിനിടെ നീക്കം ചെയ്യുന്ന മണ്ണ് സംഭരിക്കാനാണ് ഇങ്ങനെ സ്ഥലം ഏറ്റെടുത്തത്. പക്ഷേ ഇപ്പോൾ സ്വകാര്യ ഭൂമിയും സർക്കാർ ഭൂമിയും വേർതിരിച്ചറിയാനാകാത്ത വിധം കൈയ്യേറ്റം നടന്നിട്ടുണ്ട്. കന്നുകാലി കച്ചവടക്കാരും കശാപ്പ് നടത്തുന്നവരും ഭൂമി കൈയ്യേറി ഷെഡും വച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികളിൽ നിന്ന് വാങ്ങിയ ഭൂമി നാളിതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ല.
ഭൂമി ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത്
വെറുതേ കിടക്കുന്ന ഭൂമി വിട്ടു നൽകണമെന്ന് വിളക്കുടി ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഓഫീസ് സമുച്ചയങ്ങളുടെയും സ്റ്റേഡിയത്തിന്റെയും നിർമ്മാണത്തിനാവശ്യമായ സ്ഥലം എന്ന നിലക്കായിരുന്നു മുൻ പഞ്ചായത്ത് ഭരണ സമിതി അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയത്. പക്ഷേ സർക്കാരിൽ നിന്ന് തുടർ നടപടികളൊന്നും ഉണ്ടായില്ല. മുൻപ് കെ.ബി. ഗണേശ് കുമാർ എം.എൽ.എ.യും ഭൂമി ഏറ്റെടുത് പ്രയോജനപ്പെടുത്താൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല.
..............................
മരങ്ങൾ നശിക്കുന്നു
..............................
മഹാഗണിയും പെരുമരവും മറ്റ് പാഴ് മരങ്ങളും ഇടതൂർന്ന് നിൽക്കുന്നതാണ് കെ.ഐ.പി.യുടെ അധീനതയിലുള്ള ഈ ഭൂമി. സോഷ്യൽ ഫോറസ്ട്രിയുടെ നേതൃത്വത്തിലായിരുന്നു മുൻപ് ഇവിടെ പെരുമരങ്ങളും മറ്റും നട്ട് പിടിപ്പിച്ചത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഏതാനും വൃക്ഷങ്ങൾ ലേലം ചെയ്ത് കൊടുത്തിരുന്നു. ഉരുപ്പടികൾക്ക് അനുയോജ്യമായ നിരവധി മരങ്ങളാണ് ഇവിടെ കാറ്റിലും മഴയിലും കടപുഴകിയും ഒടിഞ്ഞും പാഴായി കിടക്കുന്നത്. അത് നീക്കം ചെയ്യാനോ പ്രയോജനപ്പെടുത്താനോ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഇല്ല.
പ്രയോജനപ്പെടുത്താൻ പലവഴികൾ
ചെറുചരിവുള്ള ഭൂമിയിലെ മരങ്ങൾമാറ്റി നിലമൊരുക്കിയാൽ വിശാലമായ കളിസ്ഥലം ഒരുക്കാനാകും. നിലവിൽ വിളക്കുടി ഗ്രാമപ്പഞ്ചായത്തിൽ കായികപരിശീലനത്തിന്.അനുയോജ്യമായ ഇടമില്ല. ചെറിയ പറമ്പുകളിലും മറ്റുമാണ് കായികതാരങ്ങൾ പരിശീലിക്കുന്നത്. പഞ്ചായത്തിലെ ഭൂ-ഭവനരഹിതർക്ക് ലൈഫ് മിഷൻ പദ്ധതിയിൽ പാർപ്പിട സമുച്ചയം സജ്ജമാക്കാനും ഭൂമി ഉപകരിക്കും. സ്ഥലലഭ്യതക്കുറവുകാരണം ഇതുവരെ മാലിന്യസംസ്കരണ പ്ലാന്റ്സജ്ജമാക്കാൻ കഴിയാത്ത പഞ്ചായത്തിൽ ഇതിനും അനുയോജ്യമായ സ്ഥലം ഇവിടെയുണ്ട്.