photo

കുണ്ടറ: കൊല്ലം ​- തിരുമംഗലം ദേശീയപാതയിൽ മുക്കട ജംഗ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്ത്‌ ഉണങ്ങിയ മരക്കൊമ്പുകൾ അപകടഭീഷണി ഉയർത്തുന്നു. ദിവസങ്ങൾക്ക് മുൻപ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് ഒടിഞ്ഞുവീണ് അപകടമുണ്ടായിരുന്നു. മരങ്ങളുടെ അപകടാവസ്ഥയെപ്പറ്റി റെയിൽവേ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് യാത്രക്കാരും വഴിയോരക്കച്ചവടക്കാരും പറയുന്നു. തണലുള്ളതിനാൽ ബൈക്ക് ഉൾപ്പടെയുള്ള വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നത് പതിവാണ്. മഴയിലും കാറ്റിലും ദേശീയപാതയിൽ ഉണങ്ങിയ മരക്കൊമ്പുകൾ ഒടിഞ്ഞുവീഴുന്നത് പതിവുകാഴ്ച്ചയാണ്. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങൾ ഒഴിവാകുന്നത്.

സ്ഥലം റെയിൽവേയുടേത്

റെയിൽവേയുടെ സ്ഥലത്ത് നിൽക്കുന്ന മരങ്ങളായതിനാൽ പഞ്ചായത്തിനോ ദേശീയപാതാ വിഭാഗത്തിനോ ഇത് മുറിച്ചുമാറ്റാൻ കഴിയാത്ത അവസ്ഥയാണ്. ഉണങ്ങി നിൽക്കുന്ന മരക്കൊമ്പുകളും ദേശീയപാതയ്ക്ക് കുറുകേ അപകടകരമാംവിധം ചരിഞ്ഞു നിൽക്കുന്ന മരച്ചില്ലകളും അടിയന്തരമായി മുറിച്ചു മാറ്റണമെന്നാണ് വഴിയാത്രക്കാരുടെ ആവശ്യം.

റെയിൽവേ പുറമ്പോക്കിൽ നിൽക്കുന്ന മരങ്ങളായതിനാൽ പഞ്ചായത്തിന് മുറിച്ചു മാറ്റാൻ കഴിയില്ല. റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് മരക്കൊമ്പുകൾ മുറിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കും.

മിനി തോമസ്, കുണ്ടറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

നിരവധി തവണ റെയിൽവേ അധികൃതരോട് പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ റെയിൽവേ നടപടി സ്വീകരിക്കണം.

സുധ ദേവി, വാർഡ് മെമ്പർ