ഇരവിപുരം: മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനോപകരണങ്ങൾ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ വൈസ് പ്രസിഡന്റുകൂടിയായ മന്ത്രിക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. സ്കൗട്സ് ആൻഡ് ഗൈഡ്സിന് ജില്ലയിൽ ആസ്ഥാനം ഉണ്ടാക്കുന്നതിനായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലം ലോക്കൽ അസോസിയേഷൻ പ്രസിഡന്റ് അൻസർ അസീസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഐസക് ഈപ്പൻ, ജെ.എഡ് വേർഡ്, എ. രാജഗോപാൽ, സിന്ധു, സുനിൽ ജോർജ്, എഫ്. ബിജു എന്നിവർ സംസാരിച്ചു.