phot
പുനലൂർ ശ്രീരാമപുരം മാർക്കറ്റിനുളളിൽ വർഷങ്ങൾക്ക് മുമ്പ് പണിയാരംഭിച്ച കോൺക്രീറ്റ് കെട്ടിടം ഉപേക്ഷിച്ച നിലയിൽ

ശ്രീരാമപുരം മാർക്കറ്റിന് 5.40കോടി

അഞ്ചൽ മാർക്കറ്റിന് 3.87കോടി


പുനലൂർ: നവീകരണങ്ങൾ ഇല്ലാതെ വ്യാപാരികളും ജനങ്ങളും വർഷങ്ങളായി ദുരിതമനുഭവിച്ചിരുന്ന പുനലൂർ ശ്രീരാമപുരം മാർക്കറ്റും അഞ്ചൽ പബ്ലിക് മാർക്കറ്റും ഹൈടെക് ആക്കി മാറ്റുന്നു. കിഫ്‌ബിയുടെ സഹായത്തോടെയാണ് രണ്ട് മാർക്കറ്റുകളും നവീകരിക്കുന്നത്. ശ്രീരാമപുരം മാർക്കറ്റിന് 5.40കോടിയും അഞ്ചൽ മാർക്കറ്റിന് 3.87കോടി രൂപയുമാണ് അനുവദിച്ചത്. രണ്ട് മാർക്കറ്റുകളിലെയും വ്യാപാരികളെ താത്ക്കാലികമായി പുനരധിവസിപ്പിച്ച് കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇതിനാവശ്യമായ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. മാർക്കറ്റിനുള്ളിൽ എല്ലാ വ്യാപാരികൾക്കും സൗകര്യ പ്രഥമായ നിലയിലും ഉന്നത നിലവാരത്തിലുമുള്ള കെട്ടിടങ്ങളുടെ നിർമ്മാണ ജോലികൾ പൂർത്തികരിച്ചാകും നൽകുക.

കച്ചവടക്കാരുടെ ദുരിതങ്ങൾക്ക് അറുതി

നിർമ്മാണം പൂർത്തിയാക്കുന്നതിന് അനുമതി ലഭ്യമായതോടെ പി.എസ്.സുപാൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പുനലൂരിൽ അവലോകന യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ മാർക്കറ്റിനുളളിൽ കച്ചവടം നടത്തി വരുന്ന എല്ലാ വ്യാപാരികൾക്കും പുതിയ കെട്ടിടത്തിൽ ആധുനിക രീതിയിൽ സൗകര്യം ഒരുക്കി നൽകുമെന്നും പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു.

നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ എല്ലാ മാസവും യോഗം ചേരും. കേരള സ്റ്റേറ്റ് കോസ്റ്റൽ ഡെവലപ്പ്മെന്റ് കോർപ്പറേഷനാകും നിർമ്മാണ ചുമതല. രണ്ട് മാർക്കറ്റുകളിലും വ്യാപാരം നടത്താനുള്ള കെട്ടിടമോ, സ്ഥല സൗകര്യങ്ങളോ ഇല്ലാതെ കച്ചവടക്കാർ വർഷങ്ങളായി പാതയോരങ്ങളെയാണ് ആശ്രയിക്കുന്നത്. പച്ചക്കറി, നാരങ്ങ, നാളികേരം, മത്സ്യം എന്നിങ്ങനെയുള്ള കച്ചവടക്കാരാണ് പുനലൂരിലെ മാർക്കറ്റിന് മുൻ വശത്തെ പാതയോരങ്ങളെ ആശ്രയിച്ച് കച്ചവടം നടത്തുന്നത്. ഒന്നാം ഘട്ട കൊവിഡിന് മുമ്പ് പുനലൂർ ശ്രീരാമപുരം മാർക്കറ്റിന്റെ പ്രധാന കവാടം വരെ കച്ചവടക്കാർ കയ്യേറി വ്യാപാരം നടത്തിയിരുന്നു. മാർക്കറ്റിനുള്ളിൽ ആവശ്യത്തിന് സ്ഥല സൗകര്യങ്ങൾ ഇല്ലാതിരുന്നത് കണക്കിലെടുത്തായിരുന്നു കവാടത്തിൽ പോലും കച്ചവടം വ്യാപാരം നടത്തേണ്ടി വന്നത്.എന്നാൽ വർങ്ങളായി മാർക്കറ്റിനുളളിൽ കെട്ടിടം പണിയാൻ ഫില്ലറിൽ കെട്ടിടം കോൺക്രീറ്റ് ചെയ്തെങ്കിലും തുടർ നിർമ്മാണം അനന്തമായി നീണ്ട് പോകുകയായിരുന്നു. ഇപ്പോൾ രണ്ട് മാർക്കറ്റുകളും ഹൈടെക്കാക്കി മാറ്റുന്നതോടെ കച്ചവടക്കാരുടെ ദുരിതങ്ങൾക്ക് അറുതിയാകുമെന്ന ആശ്വാസത്തിലാണ് വ്യാപാരികൾ.

അവലോകന യോഗം

പുനലൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ എം.എൽ.എക്ക് പുറമേ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് ബൈജു, വൈസ് പ്രസിഡന്റ് ആനി, മുൻ കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ,കോസ്റ്റൽ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഐ.ജി.ഷീലു, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ,പി.എ.അനസ് തുടങ്ങിയവരും പങ്കെടുത്തു.