ഓച്ചിറ: വള്ളിക്കാവ് മാർക്കറ്റ് നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് ധാരണയായി. നാളെ മുതൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മാർക്കറ്റ് തുറന്ന് പ്രവർത്തിക്കും. കൊവിഡ് രണ്ടാംതരംഗത്തെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ മാർക്കറ്റ് അടച്ചുപൂട്ടിയത്. മാർക്കറ്റ് അടഞ്ഞുകിടക്കുന്നത് സംബന്ധിച്ച് കേരളകൗമുദി 20ന് താഴുവീണിട്ട് ഇന്നേക്ക് നൂറുദിനം, പ്രതാപകാലം അയവിറക്കി വള്ളിക്കാവ് മാർക്കറ്റ്' എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. തുടർന്ന് പ്രതിഷേധം വ്യാപകമായതോടെ പഞ്ചായത്ത് അധികൃതർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത്, പൊലീസ്, ആരോഗ്യവകുപ്പ് അധികൃതർ, വ്യാപാരിവ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കുലശേഖരപുരം പഞ്ചായത്തിന്റെ അധീനതയിലാണെങ്കിലും അതിർത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ ക്ലാപ്പന, ആലപ്പാട് പഞ്ചായത്ത് നിവാസികളും വള്ളിക്കാവ് മാർക്കറ്റിനെയാണ് ആശ്രയിച്ചിരുന്നത്. മാർക്കറ്റ് തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വള്ളിക്കാവ് ജംഗ്ഷനിൽ നിൽപ്പ് സമരം സംഘടിപ്പിച്ചിരുന്നു.

മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അനുവാദം നൽകി.

വള്ളിക്കാവ് മാർക്കറ്റിന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനാവശ്യമായ എല്ലാ വിധ സഹായസഹകരണങ്ങളും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കുന്നതാണ്.

സി. ജനചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി. കുലശേഖരപുരം ഗ്രാമപഞ്ചായത്ത്