കുന്നത്തൂർ: എട്ട് വർഷക്കാലം നീണ്ട പ്രണയത്തിനു ശേഷം രണ്ടു മാസം മുമ്പ് വിവാഹിതയായ യുവതിയെ ഭർത്തൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ മാണിക്യമംഗലം കോളനി രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യയും കുണ്ടറ പേരയം കാരിക്കുഴി ധന്യാഭവനിൽ ഷൺമുഖദാസ് - ലില്ലിക്കുട്ടി ദമ്പതികളുടെ മകളുമായ ധന്യാദാസാണ് (21) ദുരൂഹസാഹചര്യത്തിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാജേഷിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടരമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ഇന്നലെ പുലർച്ചെ നാലിന് കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ ചുരിദാറിന്റെ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ധന്യയെ രാജേഷും ബന്ധുക്കളും ചേർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബി.എസ്‌സി നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയ ധന്യ സ്വകാര്യ ബാങ്കിൽ ട്രെയിനിയായിരുന്നു. ടിപ്പർ ലോറി ഡ്രൈവറാണ് രാജേഷ്.
വ്യത്യസ്ത സമുദായത്തിൽപ്പെട്ട രാജേഷും ധന്യയും എട്ട് വർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ മേയിൽ ധന്യയെ രാജേഷ് വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുവന്നു. പിന്നീട് വീട്ടുകാരിടപെട്ട് വിവാഹം നടത്തിക്കൊടുത്തു.
വിവാഹശേഷം രാജേഷിന്റ സ്ഥിരമായുള്ള മദ്യപാനം ധന്യ എതിർത്തിരുന്നു. വെള്ളിയാഴ്ച രാത്രിയിലും ഇരുവരും തമ്മിൽ ഇതുസംബന്ധിച്ച് വഴക്കുണ്ടായതായി രാജേഷ് പൊലീസിനോട് പറഞ്ഞു. ഇതേത്തുടർന്ന് വീടിനോട് ചേർന്ന് നിറുത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലാണ് രാജേഷ് ഉറങ്ങിയത്. അർദ്ധരാത്രിയിൽ മഴ പെയ്തപ്പോൾ ധന്യ വന്ന് വിളിച്ചതിനെ തുടർന്ന് രാജേഷ് കിടപ്പുമുറിയിലെത്തി നിലത്ത് കിടന്നു. പുലർച്ചെ നാലോടെ ലോറിയോടിക്കാൻ പോകാനായി എഴുന്നേറ്റപ്പോൾ ജനൽക്കമ്പിയിൽ ഷാളിൽ തൂങ്ങിയ നിലയിൽ ധന്യയെ കണ്ടുവെന്നാണ് രാജേഷ് പറയുന്നത്.
അതേസമയം, യുവതിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മദ്യപിക്കുന്ന ശീലമുള്ള രാജേഷ് ധന്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും സംഭവദിവസം രാത്രിയിലും മർദ്ദിച്ചിട്ടുണ്ടാകുമെന്നും ബന്ധുക്കൾ പറയുന്നു. ദമ്പതികളെ കൂടാതെ രാജേഷിന്റെ മാതാപിതാക്കളായ ഉണ്ണിക്കൃഷ്ണപിള്ളയും അംബികയും സഹോദരൻ അനീഷും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്.
ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം മുളവന കാരിക്കുഴി പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
യുവജന കമ്മിഷൻ കേസെടുത്തു
കുണ്ടറ പേരയം സ്വദേശി ദിവ്യയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോം ആവശ്യപെട്ടു.