boat
ദൂരം കൂടിയ കടത്തു കടവുകളിൽ യാത്രക്കാർ ഉപയോഗിക്കുന്ന യന്ത്രവൽകൃത ഫൈബർ വള്ളം :

പടിഞ്ഞാറെ കല്ലട : പഞ്ചായത്തിലെ ദൂരം കൂടിയ സർക്കാർ കടത്തു കടവുകളിൽ യന്ത്രവത്കൃത ഫൈബർ വള്ളങ്ങൾ വേണമെന്ന് നാട്ടുകാർ. യാത്രക്കാരെ കൂടാതെ ഇരുചക്രവാഹനങ്ങൾക്കൂടി കയറ്റി ഇറക്കാൻ ഉപകരിക്കുന്ന വള്ളങ്ങളാണ് ആവശ്യം. ഒരു ഫൈബർ വള്ളത്തിൽ നാല് ഇരുചക്രവാഹനങ്ങൾക്കും 15 യാത്രക്കാർക്കും ഒരേസമയം യാത്ര ചെയ്യാനാവും. ഏകദേശം 100 മീറ്റർ ദൂരം സഞ്ചരിക്കാൻ കടത്ത് വെള്ളങ്ങൾ 10 മിനിറ്റിലധികം സമയം എടുക്കുമ്പോൾ ഫൈബർ വള്ളങ്ങൾക്ക് വെറും ഒരു മിനിറ്റ് മതിയാകും.

നിർമ്മാണച്ചെലവ് 1,25,000 രൂപ

ഒരു ഫൈബർ വള്ളത്തിന് ഏകദേശം 1,25,000 രൂപയോളം നിർമ്മാണച്ചെലവുണ്ട്. കൂടാതെ 6 കുതിരശക്തിയുള്ള ഒരു എൻജിന് ഒരു ലക്ഷം രൂപയോളം വിലയും വരും. കൂടാതെ ഒരു മണിക്കൂർ പ്രവർത്തിപ്പിക്കുന്നതിന് രണ്ട് ലിറ്റർ പെട്രോളും ഒരു ജീവനക്കാരനും മതിയാകും.അറ്റകുറ്റപ്പണികൾ കുറവാണ്. പുതിയ എൻജിന് ഒരു വർഷത്തെ ഗ്യാരണ്ടിയും കമ്പനി നൽകുന്നുണ്ട്.

തുഴയെറിച്ചിൽ പ്രയാസം

കടത്തു വള്ളങ്ങളിൽ ജീവനക്കാർ മുളകൊണ്ടുള്ള കഴുക്കോലായിരുന്നു തുഴയായി ഉപയോഗിച്ചിരുന്നത്. കല്ലടയാറിന്റെ ആഴം ക്രമാതീതമായി വർദ്ധിച്ചതോടെ കഴ കൊണ്ടുള്ള വള്ളം ഊന്നൽ പ്രയാസമായി. ഇപ്പോൾ പങ്കായമാണ് ഇവർ തുഴച്ചിലിനായി ഉപയോഗിക്കുന്നത് . അത് കാരണം യാത്രക്കാർക്ക് മറുകരയിൽ എത്താൻ വളരെയധികം സമയം വേണ്ടിവരുന്നു. പൊരിവെയിലത്തും മഴയത്തുമുള്ള ജീവനക്കാരുടെ വള്ളം തുഴച്ചിലിന് ഒരു പരിഹാരം എന്ന നിലയിലാണ് ഫൈബർ വള്ളത്തെക്കുറിച്ച് ആളുകൾ ചിന്തിച്ചു തുടങ്ങിയത്.

കടത്തു വള്ളങ്ങൾ യന്ത്രവത്കൃതമായാൽ യാത്രക്കാർക്ക് വളരെയേറെ പ്രയോജനമാകും. കടത്തു കടവുകളിൽ യാത്രക്കാർക്ക് വിശ്രമിക്കുവാനായി വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണം. കടവുകളിൽ ലൈറ്റുകൾ സ്ഥാപിക്കണം.കൂടാതെ കടത്തുവള്ളങ്ങളിൽ ജീവൻ രക്ഷാ ഉപകരണങ്ങൾ കരുതണം.

എസ് .ജയസേനൻ , തെക്കേ തറയിൽ പടിഞ്ഞാറേകല്ലട

കടത്തു വള്ളങ്ങൾ യന്ത്രവത്ക്കരിച്ചാൽ വിനോദ സഞ്ചാരികൾക്ക് ടൂറിസം വില്ലേജായ മൺട്രോത്തുരുത്തി ലേക്കുള്ളയാത്രാസമയം വളരെയധികം ലാഭിക്കുവാൻ കഴിയും.

എസ് സുധീഷ്

തോട്ടത്തിൽ വീട്

പെരുങ്ങാലം മൺറോത്തുരുത്ത്.