കരുനാഗപ്പള്ളി: പൂർണമായും വെബ് അധിഷ്ഠിതമായ സഞ്ചയ സോഫ്റ്റ്‌വെയർ ഇന്ന് മുതൽ കരുനാഗപ്പള്ളി നഗരസഭയിൽ നടപ്പിലാക്കുന്നു. നഗരസഭ കമ്പ്യൂട്ടറിസേഷന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും പുതുതായി ലൈസൻസ് എടുക്കുന്നതിനുമാണ് ഈ സോഫ്റ്റ്‌വെയർ . നഗരസഭയിൽ വരാതെ തന്നെ പൊതുജനങ്ങൾക്ക് ഇ -ഫയലായി അപേക്ഷകൾ സമർപ്പിക്കുന്നതിനും ലൈസൻസ് ഫീസ് അടയ്ക്കുന്നതിനും സ്ഥാപനങ്ങളുടെ ഡിജിറ്റൽ സൈൻ ചെയ്ത ലൈസൻസ് ഓൺലൈനായി തന്നെ പ്രിന്റ് എടുക്കുന്നതിനും ഇത് വഴി സാധ്യമാണ്. ലൈസൻസുമായി ബന്ധപ്പെട്ട ഒരാവശ്യത്തിനും നഗരസഭയിൽ എത്താതെ തന്നെ പൊതുജനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതാണ്. ഇതിനായി https://tax.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ നഗരസഭയുടെ വെബ്സൈറ്റായ https://karuanagappally.lsgkerala.gov.in ലോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വ്യാപരികൾക്ക് സ്വന്തമായോ അക്ഷയ സെന്ററുകളുടെയോ മറ്റു ജനസേവനകേന്ദ്രങ്ങളുടെയോ സഹായത്തോടെ അപേക്ഷകൾ സമർപ്പിക്കുന്നതിനും ലൈസൻസ് ഫീസ് ഒടുക്കുന്നതിനും സാധിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.