കൊല്ലം: കശുഅണ്ടി തൊഴിലാളികൾക്ക് ഇക്കൊല്ലം 15000 രൂപ ബോണസ് അഡ്വാൻസായി നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് കശുഅണ്ടി തൊഴിലാളി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ആർ.വി. സഹജൻ മുഖ്യമന്ത്രിക്ക് കത്തുനൽകി. കഴിഞ്ഞ 5 വർഷമായി ഇടതുസർക്കാർ തൊഴിലാളികളുടെ രണ്ടര ശതമാനം എക്സ്ഗ്രേഷ്യ നൽകുന്നില്ല. അത് നൽകുന്നതിന് പുറമേ സ്റ്റാഫ് ജീവനക്കാർക്ക് മൂന്നര മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നൽകുകയും വേണം.

കശുഅണ്ടി ഫാക്ടറികളിൽ 90 ശതമാനവും അടഞ്ഞുകിടക്കുന്നതിനാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പതിനായിരം രൂപ തൊഴിലാളികൾക്ക് കൊവിഡ് റിലീഫായി നൽകണമെന്നും കാലഹരണപ്പെട്ട മിനിമം വേജസ് പുതുക്കി നിശ്ചയിക്കാൻ നടപടി സ്വീകരിക്കണമെന്നും പി.സി. വിഷ്ണുനാഥ് എം.എൽ.എയ്ക്കൊപ്പം മുഖ്യമന്ത്രിയെയും വ്യവസായമന്ത്രിയെയും നേരിൽ കണ്ട് നിവേദനത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.