ശാസ്താംകോട്ട: കാരാളിമുക്ക് - റെയിൽവേ സ്റ്റേഷൻ റോഡിൽ മാലിന്യം നിറഞ്ഞ് , ആളുകൾക്ക് മൂക്ക് പൊത്താതെ നടക്കാനാവാത്ത അവസ്ഥയാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെയാണ് പ്രദേശത്ത് മാലിന്യം കുന്നുകൂടി തുടങ്ങിയത്. വീടുകളിൽ നിന്നുള്ള മാലിന്യവും ബേക്കറികളിലെയും ഹോട്ടലുകളിലെയും മാലിന്യത്തോടൊപ്പം ഇറച്ചി മാലിന്യവും ചീഞ്ഞ മത്സ്യങ്ങളും റോഡുവക്കിൽ തള്ളുകയാണ്. വീട്ടുകളിൽ നിന്നുള്ള മാലിന്യങ്ങൾ ചെറു കവറുകളിലാക്കി വാഹനങ്ങളിൽ എത്തി വലിച്ചെറിയുകയാണ്.
തെരുവ് നായ ശല്യം രൂക്ഷം
ഹോട്ടൽ മാലിന്യവും കോഴി മാലിന്യങ്ങളും കുമിഞ്ഞു കൂടിയതോടെ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. തെരു നായ്ക്കൾ ഇരുചക്ര വാഹനങ്ങളുടെ മുന്നിൽ പെട്ടെന്ന് ചാടി വീഴുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡിന്റെ വശങ്ങളിൽ കാടുമൂടി കിടക്കുന്നതിനാൽ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരണമാണ്. മുമ്പും ഇത്തരത്തിൽ മാലിന്യം തള്ളുന്നത് രൂക്ഷമായപ്പോൾ നിരീക്ഷണ കാമറ സ്ഥാപിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് നടപടി ആരംഭിച്ചെങ്കിലും ഇതിനായി തൂണു സ്ഥാപിച്ചതല്ലാതെ മറ്റ് നടപടികളുണ്ടായില്ല. മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു..
സി.സി ടി.വി കാമറ സ്ഥാപിച്ചില്ല
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തെങ്കിലും പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഏഴു പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായി 35 നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പദ്ധതി കഴിഞ്ഞ ഭരണ സമിതിയുടെ അവസാന നാളുകളിൽ ഉദ്ഘാടനം ചെയ്തെങ്കിലും രണ്ടിടങ്ങളിൽ മാത്രമാണ് കാമറകൾ സ്ഥാപിച്ചത് . കാമറയുടെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതിയ്ക്കും ഇന്റർനെറ്റിനും ഉൾപ്പടെ കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി 14 ലക്ഷം രൂപ വകയിരുത്തി കാമറ സ്ഥാപിക്കുന്നതിനായി കെൽട്രോണിനെ ഏൽപ്പിച്ചതുമാണ്. എന്നാൽ തുടർ നടപടിയുണ്ടായില്ല.
ഭരണസമിതി 14 ലക്ഷം രൂപ വകയിരുത്തി