e-pos

കൊല്ലം: കൊവിഡ് വ്യാപനത്തിനിടെ ജനങ്ങളെ നടത്തിച്ച് പൊതുവിതരണ വകുപ്പ്. തുടർച്ചയായി രണ്ടാം ദിവസമായ ഇന്നലെയും ഇ - പോസ് യന്ത്രത്തിന്റെ സെർവർ തകാറിലായത് കാരണം റേഷൻ വിതരണം മണിക്കൂറുകളോളം മുടങ്ങി.

ഇന്നലെ രാവിലെ റേഷൻ വാങ്ങാനെത്തിയവരിൽ ബഹുഭൂരിപക്ഷവും കടകൾക്ക് മുന്നിൽ ക്യൂ നിന്ന ശേഷം നിരാശരായി മടങ്ങുകയായിരുന്നു. വൈകിട്ടും പലയിടങ്ങളിലും സമാനമായ അവസ്ഥയായിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ വാഹനങ്ങൾ കിട്ടാതെ പലരും കിലോമീറ്ററുകൾ നടന്നാണ് കടകളിലെത്തിയത്. തകരാർ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിൽ വന്നവരെല്ലാം കാത്തുനിന്നതോടെ പല റേഷൻ കടകൾക്ക് മുന്നിലും വലിയ ആൾക്കൂട്ടമായി.

ഇതിനിടെ ആൾക്കൂട്ടം കണ്ട് കാര്യമറിയാതെ പൊലീസ് പലയിടങ്ങളിലും കടയുടമകൾക്കും റേഷൻ വാങ്ങാൻ എത്തിയവർക്കും പിഴ ചുമത്താൻ ശ്രമിച്ചു. ചിലയിടങ്ങളിൽ പൊലീസും ഉപഭോക്താക്കളും തമ്മിൽ ചെറിയ കശപിശയും ഉണ്ടായി. വെള്ളിയാഴ്ചയും സമാന അവസ്ഥയായിരുന്നു. മാസാവസനമാണ് കൂടുതലാളുകളും റേഷൻ വാങ്ങുന്നത്. ഈ സമയത്ത് യന്ത്രം തകരാറിലാകുന്നത് പല ഉപഭോക്താക്കൾക്കും റേഷൻ വിഹിതം കിട്ടാത്ത അവസ്ഥയും സൃഷ്ടിക്കുന്നുണ്ട്.