ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ കൊവിഡ് വ്യാപനത്തിൽ കാര്യമായ ശമനമില്ല.

താലൂക്കിലെ ഏഴു പഞ്ചായത്തുകളിലുമായി 657 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 171 രോഗികളുള്ള മൈനാഗപ്പള്ളിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. കൊവിഡ് മരണം നൂറു കഴിഞ്ഞിട്ടും ഐ.സി.യു ഉൾപ്പടെയുള്ള ചികിത്സാ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിന്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൊവിഡ് ഗൃഹ സംരക്ഷണ കേന്ദ്രങ്ങളിൽ വൈദ്യസഹായത്തിനുള്ള സംവിധാനങ്ങളുമില്ല. അത് കൊണ്ട് തന്നെ കൊവിഡ് രോഗികളെ ഇത്തരം കേന്ദ്രങ്ങളിലാക്കാൻ ബന്ധുക്കളും തയ്യാറാവുന്നില്ല.

ഐ.സി.യു സംവിധാനം ഒരുക്കണം

താലൂക്ക് ആശുപത്രിയിലെ പഴയ അത്യാഹിത വിഭാഗത്തിലെ ഓക്സിജൻ സൗകര്യമുള്ള പത്ത് കിടക്കകൾ മാത്രമാണ് ആകെയുള്ള ചികിത്സാ സംവിധാനം. താലൂക്ക് ആശുപത്രിയിലെ ഏതെങ്കിലും ഒരു വാർഡിൽ വെന്റിലേറ്റർ സൗകര്യത്തോടെ ഐ.സി.യു സംവിധാനം ഒരുക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. താലൂക്കിലെ വാക്സിൻ വിതരണ കേന്ദ്രങ്ങളിലെ തിരക്ക് കാരണം പുതുതായി അനുവദിച്ച കേന്ദ്രങ്ങളിൽ തുറക്കാനായത് ശാസ്താംകോട്ടയിലെ മുതുപിലാക്കാട് മാത്രമാണ്. ശാസ്താംകോട്ട ,മൈനാഗപ്പള്ളി, ശൂരനാട് വടക്ക് പഞ്ചായത്തുകളിലാണ് വാക്സിൻ വിതരണ കേന്ദ്രങ്ങൾ പുതുതായി അനുവദിച്ചത്.അമ്പതിനായിരത്തിലധികം ജനസംഖ്യയുള്ളതും 22 വാർഡുകളുള്ള മൈനാഗപ്പള്ളിയിൽ പുതുതായി അനുവദിച്ച വാക്സിന് വിതരണ കേന്ദ്രം തുറക്കാത്തതും ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ,


രോഗികളുടെ എണ്ണം പഞ്ചായത്ത് തലത്തിൽ ശാസ്താംകോട്ട : 112

മൈനാഗപ്പള്ളി - 171

പോരുവഴി - 63

പടിഞ്ഞാറെ കല്ലട - 70

ശൂരനാട് സൗത്ത് - 158

ശൂരനാട് വടക്ക്‌ - 48

കുന്നത്തൂർ - 35