കുളം വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കും
ചാത്തന്നൂർ: പാറക്കുളം ടൂറിസം പദ്ധതിക്ക് മുന്നോടിയായി കുളം വൃത്തിയാക്കുന്നത് അടക്കമുള്ള നടപടികൾ ഒരാഴ്ച്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം.
പതിനാറ് ഏക്കർ ഭൂമിയിൽ പത്ത് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കുളം ഇപ്പോൾ ആഫ്രിക്കൻ പായൽ നിറഞ്ഞും പരിസരങ്ങളിൽ കാടുവളർന്നും നശിക്കുകയാണ്. ആറ് വർഷം മുമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുളത്തിൽ മത്സ്യക്കൃഷി ആരംഭിച്ചിരുന്നെങ്കിലും വിളവെടുപ്പ് നടത്തിയിരുന്നില്ല. കുളം വൃത്തിയാക്കുന്നതിനൊപ്പം മത്സ്യക്കൃഷി വിളവെടുപ്പ് കൂടി നടത്താനാണ് തീരുമാനം.
എതിർപ്പുമായി തത്പര കക്ഷികൾ
പാറക്കുളം ടൂറിസം പദ്ധതിക്കെതിരെ സ്ഥാപിത താത്പര്യക്കാരുടെ നേതൃത്വത്തിൽ എതിർപ്പുയരുന്നതായി ആക്ഷേപം. പതിനൊന്ന് വർഷം മുമ്പാണ് ടൂറിസം പദ്ധതിക്കായി പാറക്കുളത്തെ പതിനാറ് ഏക്കർ ഭൂമി കല്ലുവാതുക്കൽ പഞ്ചായത്ത് പാട്ടത്തിനെടുത്തത്. നിശ്ചിത കാലയളവിൽ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭൂമി സർക്കാരിന് തിരിച്ചെടുക്കാമെന്ന സാങ്കേതികത്വമാണ് ഇവർ ഉയർത്തുന്നത്. പാറക്കുളത്തിന് ചുറ്റിലുമായി താമസിക്കുന്ന അറുപതോളം കുടുംബങ്ങളിൽ ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരും പദ്ധതിക്ക് അനുകൂലമായ നിലപാടിലാണ്. സൗകര്യപ്രദമായ താമസസ്ഥലം ലഭിച്ചാൽ ഇവരൊക്കെയും മാറിത്താമസിക്കാൻ തയ്യാറാണ്.
ചിലരുടെ രാഷ്ട്രീയ താത്പര്യങ്ങളും മുട്ടാപ്പോക്കുകളുമാണ് പാറക്കുളം പദ്ധതി ഇത്രയേറെ വൈകാൻ ഇടയാക്കിയത്.
എ. ശ്രീധരൻ മാസ്റ്റർ, മുൻ പ്രസിഡന്റ്, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
തടസങ്ങളെ അതിജീവിച്ച് സംസ്ഥാന സർക്കാരിന്റെ തദ്ദേശ ടൂറിസം പദ്ധതി മാതൃകയാക്കി പാറക്കുളം പദ്ധതി നടപ്പാക്കും. പുനരധിവസിപ്പിക്കേണ്ടി വരുന്നവർക്കായി അനുയോജ്യമായ സ്ഥലത്ത് വില്ല പ്രോജക്‌ടും നടപ്പാക്കും.
എസ്. സുധീപ, പ്രസിഡന്റ്, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
എസ്. സത്യപാലൻ, വൈസ് പ്രസിഡന്റ്