v

ഓരോമണിക്കൂറിലും രജിസ്റ്റർ ചെയ്യുന്നത് 5 വിവാഹമോചന കേസുകൾ

കൊല്ലം: കേരളത്തിൽ നടക്കുന്ന കല്യാണങ്ങളിൽ പകുതിയിൽ അധികവും പ്രണയവിവാഹങ്ങളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രണയത്തെ തുടർന്ന് വീട്ടുകാരുടെ പരസ്പര സമ്മതത്തോടെയുള്ള വിവാഹങ്ങളും ഇതിൽ ഉൾപ്പെടും. ദേശീയ ജുഡിഷ്യൽ ഗ്രിഡിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും കേരളത്തിലാണെന്നതാണ് വസ്തുത. സംസ്ഥാനത്തെ 28 കുടുംബ കോടതികളിലായി ഒന്നരലക്ഷത്തോളം കേസുകളാണ് ഇപ്പോഴും കെട്ടിക്കിടക്കുന്നത്. കേസുകളുടെ ക്രമാതീതമായ വർദ്ധനമൂലം പ്രതിദിനം 200ൽ അധികം കേസുകൾ പരിഗണിക്കാൻ കോടതികൾക്ക് മേൽ സമ്മർദ്ദമുണ്ടാകുന്ന അവസ്ഥയുമുണ്ട്. ഇതിൽ 5 വർഷത്തിന് മുകളിൽ പഴക്കമുള്ള കേസുകളും ഉൾപ്പെടും.

വിവാഹമോചനക്കേസുകളിൽ ഏറെയും പ്രണയവിവാഹങ്ങളാണ്. അവയിൽ കൂടുതലും രണ്ടുവർഷം പോലും ഒന്നിച്ചു ജീവിക്കാത്തവരാണ് എന്നതാണ് പ്രത്യേകത. എന്നാൽ പ്രണയവിവാഹിതരായി സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്നവരും കുറവല്ല. വീട്ടുകാർ തീരുമാനിച്ചുറപ്പിക്കുന്ന വിവാഹങ്ങളിലും പ്രശ്നങ്ങളുണ്ടാകാറുണ്ട്. സ്നേഹവും പരസ്പരധാരണയുമില്ലെങ്കിൽ കുടുംബത്തിൽ കലഹങ്ങളുണ്ടാകുമെന്നതിൽ തർക്കമില്ല.

വിവാഹമോചനത്തിന്റെ പൊതുകാരണങ്ങൾ

01. പരസ്പര സ്വാതന്ത്ര്യത്തിലുള്ള വിള്ളൽ
02. ശാരീരിക, മാനസിക അകൽച്ച
03. ആശയവിനിമയത്തിന്റെ അഭാവം
04. പങ്കാളിയെക്കൂടാതെ മറ്റുള്ളവരുമായുള്ള അടുപ്പം

ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് വ്യക്തിസ്വാതന്ത്ര്യം

2015ൽ പ്രണയവിവാഹം തടയണമെന്നാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ലഭിച്ചിരുന്നു. പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും തമ്മിൽ പ്രണയിച്ച് വിവാഹം ചെയ്യുന്നതിൽ ഇടപെടാനാകില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. വ്യക്തിസ്വാതന്ത്ര്യം ഓരോ മനുഷ്യനും ഭരണഘടന ഉറപ്പ് നൽകുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ജില്ലയിൽ നിലവിലുള്ള കുടുംബകോടതിയിലെ കേസുകൾ: 34, 192

കൊട്ടാരക്കര: 14,111

കൊല്ലം: 12,734

ചവറ: 9,946

വഖഫ് ട്രൈബ്യൂണൽ, കൊല്ലം: 3,166

(ദേശീയ ജുഡിഷ്യൽ ഗ്രിഡിന്റെ കണക്ക്)