photo
തഴവാ തൊടിയൂർ വട്ടക്കായൽ തീരത്ത് വളർന്ന് നിൽക്കുന്ന പൊന്നാടുകൾ

കരുനാഗപ്പള്ളി: തഴവ - തൊടിയൂർ വട്ടക്കായലിന്റെ പൊന്തക്കാടുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയും മദ്യപാനവും വ്യാപകം. തൊടിയൂർ, തഴവ ഗ്രാമ പഞ്ചായത്തുകളുടെ കിഴക്കൻ പ്രദേശങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നത്. വർഷങ്ങളായി ഉപയോഗശൂന്യമായ ഇഷ്ടിക ചൂളകൾ, അക്കേഷ്യ മരങ്ങൾ വളർന്ന് പന്തലിച്ചു നിൽക്കുന്ന കാടുകൾ, മാലുമേൽ പുഞ്ചയ്ക്ക് അതിരിടുന്ന ബണ്ട് എന്നിവിടങ്ങളിലാണ് സംഘങ്ങൾ സജീവമാകുന്നത്. നാട്ടുകാരും പൊതുപ്രവർത്തകരും പലതവണ പൊലീസിന് പരാതി നൽകിയിട്ടും ഫലപ്രദമായ ഇടപെടലുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

പൊലീസ് ഇടപെടണം

ഇത്തരം ആളൊളിഞ്ഞ സ്ഥലങ്ങളിലേക്കുള്ള പ്രധാന വഴികളിൽ കൂടി പൊലീസ് എത്തിച്ചേരുമ്പോൾ മറ്റൊരു വഴിയിലൂടെ ഇവർ കടന്നു കളയാറാണ് പതിവ്.

പ്രാദേശികമായുള്ള ചാരായം വാറ്റും വില്പനയും ഈ ഭാഗങ്ങളിൽ തകൃതിയായി നടക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ തുടർച്ചയായുള്ള പരിശോധനകളുണ്ടായാൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാകൂ. ഡ്രോൺ പോലുള്ള ആധുനിക സംവിധാനങ്ങൾ ഈ പ്രദേശങ്ങളിൽ ഉപയോഗപ്പെടുത്തിയാൽ സാമൂഹ്യവിരുദ്ധരുടെ ശല്യം പൂർണമായും ഒഴിവാക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.