home
ഇടിഞ്ഞുവീണ ഭിത്തി

പരവൂർ: തകർന്ന വീടിന്റെ ചുമരിടിഞ്ഞുവീണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പൊഴിക്കര മൂന്നുമൂല പ്ലാന്തോട്ടത്തിൽ സുനിതയുടെ മകൾ മീനുവിനാണ് (21) പരിക്കേറ്റത്.

ശനിയാഴ്ച പുലർച്ചെ ആറിനായിരുന്നു സംഭവം. സമീപത്തെ വീട്ടിൽ നിന്ന് വെള്ളമെടുക്കുന്നതിനായി പോകുകയായിരുന്ന മീനുവിന്റെ ശരീരത്തിലേക്ക് വീടിന്റെ അവശേഷിച്ച ഭിത്തി മറിഞ്ഞുവീഴുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ സ്ഥലവാസികൾ ഏറെനേരം പരിശ്രമിച്ചാണ് മീനുവിനെ പുറത്തെടുത്തത്.

ഉടൻ പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാരിയെല്ലുകൾക്കും നട്ടെല്ലിനും തുടയെല്ലിനും ഗുരുതരമായ പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. നഗരത്തിലെ ഒരു സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയാണ് മീനു.