കൊല്ലം: കാടുകയറിക്കിടക്കുന്ന ബൈപ്പാസിന്റെ ഓരങ്ങളിൽ ഇനി വെണ്ടയും മത്തനും പൂത്തുതളിർത്ത് കായിടും. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭയുടെ നേതൃത്വത്തിൽ പച്ചക്കറികൾ വിളയിക്കുന്നത്. പൂച്ചെടികൾ വച്ചുപിടിപ്പിച്ച ചില കേന്ദ്രങ്ങളിൽ പൂന്തോട്ടങ്ങളുമൊരുക്കും.
13.14 കിലോമീറ്റർ ദൂരമുള്ള ബൈപ്പാസ് നിലവിൽ രണ്ടുവരിപ്പാതയാണ്. എന്നാൽ ആറുവരിപ്പാതയാക്കി വികസിപ്പിക്കാനുള്ള സ്ഥലം വർഷങ്ങൾക്ക് മുമ്പേ ഏറ്റെടുത്തിട്ടുണ്ട്. റോഡ് വികസനം കഴിഞ്ഞ് ഒഴിഞ്ഞുകിടക്കാൻ സാദ്ധ്യതയുള്ള സ്ഥലത്താകും കൃഷി. പച്ചക്കറികൾക്ക് പുറമെ വാഴകളും ചീനിയടക്കമുള്ള കിഴങ്ങുവർഗങ്ങളും നട്ടുപിടിപ്പിക്കും.
നഗരസഭയുടെ 12 ഡിവിഷനുകളിലൂടെയാണ് ബൈപ്പാസ് കടന്നുപോകുന്നത്. ഇവിടുത്തെ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിലാകും കൃഷി മുന്നോട്ട് കൊണ്ടുപോകുക. നഗരത്തിൽ പൂച്ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുന്ന ഹരിത നഗരം പദ്ധതിക്കായി ഒന്നരക്കോടി രൂപ നഗരസഭ നീക്കിവച്ചിട്ടുണ്ട്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാകും ബൈപ്പാസിന്റെ ഓരങ്ങളിൽ പൂച്ചെടികളും വൃക്ഷത്തൈകളും വച്ചുപിടിപ്പിക്കുന്നത്.
മാലിന്യനിക്ഷേപം തടയും
നിലവിൽ ബൈപ്പാസ് റോഡിൽ പലയിടങ്ങളും മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നുപോലും മാംസാവശിഷ്ടങ്ങളും ആശുപത്രി മാലിന്യവും ഇവിടെ കൊണ്ടുവന്ന് തള്ളുന്നുണ്ട്. അതുകൊണ്ട് തന്നെ ബൈപ്പാസിന്റെ ഓരങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയുകയെന്ന ലക്ഷ്യവും പച്ചക്കറി കൃഷിക്ക് പിന്നിലുണ്ട്. കൃഷി ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ ബൈപ്പാസിന്റെ ഓരങ്ങളിലെ കാട് വെട്ടിത്തെളിച്ച് തുടങ്ങി.
'' വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനൊപ്പം വഴിയോരത്ത് മാലിന്യം കുന്നുകൂടി രോഗങ്ങൾ പടരുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യവും പച്ചക്കറി കൃഷിക്ക് പിന്നിലുണ്ട്.''
പ്രസന്ന ഏണസ്റ്റ് (മേയർ)