പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ നിയന്ത്രണം വിട്ടെത്തിയ ലോറി കഴുതുരുട്ടി ആറ്റിൽ പതിക്കാതെ , വക്കിൽ തങ്ങി നിന്നു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയിൽ ഭാഗീകമായി ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 8.30ന് ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി ആനച്ചാടി പാലത്തിന് സമീപത്തായിരുന്നു സംഭവം. കേരളത്തിൽ ചരക്ക് ഇറക്കിയ ശേഷം തമിഴ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു ലോറി. മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട വഴുക്കലിൽ വാഹനം ബ്രേക്ക് ചവുട്ടി. ഇതിനിടെ തെന്നി മാറിയ ലോറിയുടെ മുൻ ഭാഗം പാതയുടെ പുറത്തേക്ക് പോയെങ്കിലും സമീപത്തെ കഴുതിരുട്ടി ആറ്റിൽ വീഴാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇത് കാരണം പാതയുടെ ഒരു ഭാഗത്ത് കൂടിയായിരുന്നു വാഹനങ്ങൾ കടന്ന് പോയത്. സംഭവം നടന്ന പാതയോരത്ത് പാർശ്വഭിത്തിയില്ലായിരുന്നത് കാരണം 15 അടി താഴ്ചയുള്ള മൺതിട്ട ഇടിഞ്ഞ് ഇറങ്ങിയെങ്കിലും ലോറി ആറ്റിൽ പതിക്കാതെ രക്ഷപ്പെടുകയായിരുന്നു. ഉച്ചയോടെ ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.