കുന്നത്തൂർ :പ്ലാസ്റ്റിക്ക് ഭരണിയിൽ തല കുടുങ്ങി നായക്ക് ഫയർഫോഴ്സ് രക്ഷകരായി. വെള്ളം പോലും കുടിക്കാൻ കഴിയാതെ ദിവസങ്ങളായി കുന്നത്തൂർ ഏഴാംമൈൽ ഭാഗത്ത് നായ അലയുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട കുന്നത്തൂർ മാനാമ്പുഴ പൊന്നാലയത്തിൽ നകുലകുമാർ ശാസ്താംകോട്ട ഫയർഫോഴ്സ് യൂണിറ്റിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ പത്തോടെ സ്ഥലത്തെത്തിയ സ്റ്റേഷൻ ഓഫീസർ സാബുലാലിന്റെ നേതൃത്വത്തിൽ അരമണിക്കൂറോളം നടത്തിയ പ്രയത്നത്തിനൊടുവിൽ നായയുടെ തലയിൽ നിന്ന് ഭരണി നീക്കം ചെയ്യുകയായിരുന്നു. മറ്റ് ഫയർഫോഴ്സ് ജീവനക്കാരായ സജീവ്,രതീഷ്,സണ്ണി, ജയപ്രകാശ്,രാജൻ എന്നിവരും പങ്കെടുത്തു.