ab
ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം തഴവ ചിറ്റുമൂലയിലെ സ്ഥലം സന്ദർശിക്കുന്നു.

തഴവ: കരുനാഗപ്പള്ളി കോടതി സമുച്ചയത്തിന് തഴവയിൽ സൗജന്യമായി സ്ഥലം നൽകിയിട്ടും അധികൃതർ ഏറ്റെടുക്കാത്തതിൽ നടപടിയിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തം.

പുതിയകാവ് - ചക്കുവള്ളി റോഡിൽ ചിറ്റുമൂല ജംഗ്‌ഷനിലാണ് 95 സെന്റ് സ്ഥലം കോടതി സമുച്ചയത്തിനായി വിട്ട് നൽകാൻ തഴവ ഗ്രാമ പഞ്ചായത്ത് 2017 ആഗസ്റ്റിൽ തീരുമാനമെടുത്തത്. ഇതനുസരിച്ച് സബ് ജഡ്ജി സന്ദർശനം നടത്തി സ്ഥലം കോടതി സമുച്ചയത്തിന് അനുയോജ്യമാണെന്ന റിപ്പോർട്ട് നൽകുകയും ചെയ്തു. റിപ്പോർട്ടിനെ തുടർന്ന് കരുനാഗപ്പള്ളി തഹസീൽദാർ സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച് ഗസറ്റഡ് നോട്ടിഫിക്കേഷൻ നൽകി നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തതാണ്. എന്നാൽ 50 സെന്റിന് മുകളിൽ വിസ്തൃതിയുള്ള സ്ഥലം സർക്കാർ ആവശ്യങ്ങൾക്ക് ഏറ്റെടുക്കുവാൻ ജില്ലാ കളക്ടറിന് അധികാരമില്ലാത്തതിനാൽ റവന്യു വകുപ്പ് നേരിട്ട് നടപടികൾ പൂർത്തിയാക്കണമെന്ന സാങ്കേതികവാദം വന്നതോടെയാണ് അനിശ്ചിതത്വം ആരംഭിച്ചത്.

റോഡിന് വീതിയില്ലെന്ന് ആരോപണം

2018ൽ രണ്ട് തവണ തഴവയിലെ സ്ഥലം സന്ദർശിച്ച രണ്ട് ഹൈക്കോടതി ജഡ്ജിമാർ സ്ഥലം തികച്ചും അനുയോജ്യമാണെന്ന റിപ്പോർട്ടുകളാണ് നൽകിയത്. എന്നാൽ കോടതി സമുച്ചയം സ്ഥാപിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ജഡ്ജി വിളിച്ച ഒരു ഓൺലൈൻ യോഗത്തിൽ റോഡിന് വീതി കുറവാണെന്ന ആരോപണം ഉയർന്നതായാണ് വിവരാവകാശ രേഖകൾ സൂചിപ്പിയ്ക്കുന്നത്. സംസ്ഥാന പാതകളുടെ കാറ്റഗറിയിൽപ്പെടുന്ന പുതിയകാവ് - ചക്കുവള്ളി റോഡിന് ശരാശരി പത്ത് മീറ്ററിലധികമാണ് വീതിയുള്ളത്.

ഐ.എച്ച്.ആർ.ഡിയുടെ സ്ഥലം

റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ നടക്കുമ്പോൾ കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷന് കിഴക്ക് വശം ഐ.എച്ച്.ആർ.ഡിയുടെ ഉടമസ്ഥതയിലുള്ള 52 സെന്റ് സ്ഥലം കോടതിയ്ക്കായി ഏറ്റെടുക്കണമെന്ന സമാന്തര വാദം ഉയർന്ന് വന്നത് നടപടികളെ പ്രതിസന്ധിയിലാക്കി. 20 വർഷം മുൻപ് ഇതേ സ്ഥലം കോടതി സമുച്ചയത്തിനായി ഏറ്റെടുക്കുവാൻ തീരുമാനിച്ചിരുന്നെങ്കിലും അന്ന് നടന്ന ഓദ്യോഗിക പരിശോധയിൽ ഈ സ്ഥലം അയോഗ്യമാണെന്ന് കണ്ടെത്തിയിരുന്നതാണ്. മാത്രമല്ല ഉൾനാടൻ റോഡിനോട് ചേർന്ന് കിടക്കുന്ന ഈ സ്ഥലത്തിന് 1 കോടി 70 ലക്ഷം രൂപയാണ് ഐ.എച്ച്.ആർ.ഡി ആവശ്യപ്പെട്ടത്.

തഴവയിലെ സ്ഥലത്ത് കോടതി സമുച്ചയം നിർമ്മിയ്ക്കുന്നതിൽ നിന്ന് അധികൃതർ പിൻമാറിയത് ദുരുഹമാണ്. ഇത് സംബന്ധിച്ച നടപടികളിൽ സുതാര്യത ഉറപ്പ് വരുത്തുവാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അഡ്വ. എം. എ. ആസാദ്

സീനിയർ അഭിഭാഷകൻ

കരുനാഗപ്പള്ളി