ഗാന്ധിഭവനിൽ ആദരം നൽകും
പത്തനാപുരം: കഥാപ്രസംഗ രംഗത്ത് 66 വർഷം പൂർത്തിയാക്കിയ ഗാന്ധിഭവൻ അന്തേവാസിയായ കാഥികൻ പുനലൂർ തങ്കപ്പൻ നവതിയുടെ നിറവിൽ. 90 തികഞ്ഞതിന്റെ ആഘോഷം 31ന് കൊവിഡ് മാനദണ്ഡം പാലിച്ച് ഗാന്ധിഭവനിൽ നടക്കും.
കാഥികയായിരുന്ന ഭാര്യ പൂവത്തൂർ പൊന്നമ്മയുടെ മരണത്തെ തുടർന്ന് അവരുടെ പരിചാരികയായിരുന്ന അജിതയ്ക്ക് സ്വന്തം വീടും സ്ഥലവും എഴുതി നൽകി തങ്കപ്പൻ 2019 നവംബർ 30നാണ് പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസിയായെത്തിയത്. ഇവർക്ക് മക്കളില്ല.
മൃദംഗ വിദ്വാനായിരുന്ന കേശവനാശാന്റെയും പാർവതിയുടെയും പത്ത് മക്കളിൽ രണ്ടാമനായ തങ്കപ്പൻ പത്താം ക്ലാസ് കഴിഞ്ഞ് മൃദംഗവാദനം, നാടകം എന്നിവയിലൂടെയാണ് കലാജീവിതം ആരംഭിച്ചത്. 13-ാം വയസിൽ തങ്കപ്പൻ ആദ്യമായി 'ഭക്തനന്ദനാർ' എന്ന കഥ പറഞ്ഞത് പുനലൂരിലാണ്. ആകാശവാണിയിൽ ആദ്യമായി കഥാപ്രസംഗം അവതരിപ്പിച്ച കാഥികൻ തങ്കപ്പനാണ്. കഥാപ്രസംഗം ഗ്രാമഫോണിൽ റെക്കാർഡ് ചെയ്ത ആദ്യ കാഥികനും അദ്ദേഹം തന്നെ. 1960 മുതൽ ചെന്നൈ എച്ച്.എം.വി സ്റ്റുഡിയോയിലാണ് ഭക്തനന്ദനാർ, നല്ലകുടുംബം, കുടുംബാസൂത്രണം എന്നീ കഥാപ്രസംഗങ്ങൾ റെക്കാർഡ് ചെയ്തത്. ഭക്തനന്ദനാർ നാനൂറ് വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.
ആകാശവാണി തിരുവനന്തപുരം നിലയത്തിലെ എ ഗ്രേഡ് ആർട്ടിസ്റ്റായ തങ്കപ്പൻ നല്ലകുടുംബം, അശ്വത്ഥാമാവ്, കുടുംബാസൂത്രണം, ഗുരുവന്ദനം, വേളാങ്കണ്ണിമാതാ, വേലുത്തമ്പിദളവ തുടങ്ങി മുപ്പതിലേറെ കഥകൾ രണ്ടായിരത്തിലേറെ വേദികളിൽ അവതരിപ്പിച്ചു. വേലുത്തമ്പിദളവയായിരുന്നു ഇദ്ദേഹം പ്രൊഫഷണൽ വേദിയിൽ അവതരിപ്പിച്ച അവസാനത്തെ കഥാപ്രസംഗം. ഇതിനിടയിൽ ജീസസ്, പുത്രകാമേഷ്ടി, സംഭവാമി യുഗേ യുഗേ, മനുഷ്യബന്ധങ്ങൾ, സ്‌നേഹദീപമേ മിഴി തുറക്കൂ എന്നീ സിനിമകളിലും അഭിനയിച്ചു. 2013ൽ കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്‌കാരം നൽകി ആദരിച്ചു.