കൊല്ലം: അഞ്ചുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം ചന്ദ്രമോഹനന്റെ ശബ്ദം വീണ്ടും മലയാള സിനിമയിലേക്ക്. രവി കെ. ചന്ദ്രൻ അണിയിച്ചൊരുക്കുന്ന ഭ്രമം എന്ന സിനിമയിൽ ശങ്കറിന് വേണ്ടിയാണ് ചന്ദ്രമോഹൻ ശബ്ദം നൽകുന്നത്. ശങ്കറിന്റെ ശബ്ദമായി ആദ്യകാലം മുതൽ മലയാളികൾ കേട്ടുവരുന്നത് ചന്ദ്രമോഹനന്റെ ശബ്ദമാണ്. ശങ്കറിന്റെ 179ാം ചിത്രത്തിന് ശബ്ദം നൽകുന്നതിന്റെ ത്രില്ലിലാണ് 62കാരനായ ചന്ദ്രമോഹനൻ. പത്തനാപുരം ഗാന്ധിഭവനിൽ നിന്ന് ഇന്നലെ ചന്ദ്രമോഹനൻ എറണാകുളത്തെ ഡബ്ബിംഗ് സ്‌റ്റുഡിയോയിലെത്തി.
കമലഹാസനിലൂടെ തുടക്കം
ഇരുപത്തിയൊന്നാം വയസിൽ ഐ.വി. ശശിയുടെ ആശീർവാദമെന്ന ചിത്രത്തിൽ കമലഹാസന് ശബ്ദം നൽകിയാണ് കരിയറിന് തുടക്കമിട്ടത്. ബി.കോം പാസായ ശേഷം ചെന്നൈയിൽ വാരിയർ വാരിയർ അസോസിയേറ്റ്സിൽ ജോലി ചെയ്യവേയാണ് എഡിറ്റർ ശങ്കുണ്ണിയുടെ ക്ഷണമനുസരിച്ച് കമലഹാസന് ശബ്ദം നൽകിയത്. ബാലചന്ദ്രമേനോന്റെ പ്രേമഗീതങ്ങളെന്ന ചിത്രത്തിൽ ഷാനവാസിന് ശബ്ദം നൽകിയതാണ് കരിയറിയിൽ ബ്രേക്കായത്. ശങ്കർ, സുരേഷ് ഗോപി, റഹ്മാൻ, രവീന്ദ്രൻ, ഷാനവാസ്, രാജ്കുമാർ തുടങ്ങി എൺപതുകളിലെ മിക്ക നടൻമാർക്കും ചന്ദ്രമോഹനൻ ശബ്ദം നൽകി. പൂവിരിയും പുലരിയിൽ ശങ്കറിനും ക്യാപ്ടൻ രാജുവിനും ശബ്ദം നൽകി. പ്രിയദർശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയിൽ ശങ്കറിനും ശ്രീനിവാസനും ശ്രീനാഥിനും ശബ്ദം നൽകിയത് വളരെ ശ്രദ്ധിക്കപ്പെട്ടു. ന്യൂഡൽഹി വരെയുള്ള ചിത്രങ്ങളിൽ മലയാളിയ്ക്ക് പരിചിതമായ സുരേഷ് ഗോപിയുടെ ശബ്ദം ചന്ദ്രമോഹനന്റേതായിരുന്നു.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ
ശങ്കറിന് ശബ്ദം നൽകാനായില്ല
മഞ്ഞിൽ വിരിഞ്ഞ പൂക്കളെന്ന ഹിറ്റ് ചിത്രത്തിൽ ശങ്കറിന് ശബ്ദം നൽകാൻ ചന്ദ്രമോഹനനെ ക്ഷണിച്ചിരുന്നു. എന്നാൽ ഡബ്ബിംഗ് സമയമായപ്പോഴേക്കും യേശുദാസിനൊപ്പം ഒരു പ്രോഗ്രാമിന് ശ്രീലങ്കയിൽ (പഴയ സിലോൺ) പോകേണ്ടിവന്നു. തിരികെ വന്നപ്പോഴേക്കും ഫാസിൽ ശങ്കറിന് ശബ്ദം നൽകിയിരുന്നു. അതിനുശേഷമുള്ള ശങ്കറിന്റെ എല്ലാ ചിത്രങ്ങളിലും ചന്ദ്രമോഹനനാണ് ശബ്ദം നൽകിയത്.
ഗാന്ധിഭവനിലേക്കുള്ള വഴി
ആകാശവാണിയിലെ അനൗൺസറും ഡബ്ബിംഗ് ആർട്ടിസ്‌റ്റുമായിരുന്ന ടി.പി. രാധാമണിയുടെയും ആകാശവാണിയിലെ തന്നെ എഡിറ്ററും സിനിമാ നടനുമായിരുന്ന പി. ഗംഗാധരൻ നായരുടെയും മകനായ ചന്ദ്രമോഹനന് കുട്ടിക്കാലം മുതൽക്കേ ഡബ്ബിംഗാണ് ഇഷ്ടമേഖല. ഇതേ മേഖലയിൽ പ്രതിഭ തെളിയിച്ച അമ്പിളിയുമായുള്ള വിവാഹം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു. രണ്ടുവർഷം മുൻപാണ് അമ്പിളിയുടെ മരണം. അമ്പിളിയുടെ അമ്മ ഡബ്ബിംഗ് ആർട്ടിസ്‌റ്റും നടിയുമായിരുന്ന അന്തരിച്ച പാലാ തങ്കമാണ്.
2019 നവംബറിലാണ് ചന്ദ്രമോഹനൻ ഗാന്ധിഭവനിലെ അന്തേവാസിയായത്. മക്കൾ വൃന്ദയും വിദ്യയും അച്ഛന്റെ സുഖാന്വേഷണങ്ങൾക്ക് എത്താറുണ്ട്. ഗാന്ധിഭവൻ സ്നേഹഗ്രാമം പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് ചന്ദ്രമോഹനൻ.