kollam-
കരുനാഗപ്പള്ളി എക്സൈസ് തേവലക്കര അരിനല്ലൂരിൽ കണ്ടെടുത്ത ചാരായവും കോടയും വാറ്റുപകരണങ്ങളും

 കെ.എസ്.ആർ.ടി.സി കണ്ടക്ടർ പിടിയിൽ

കൊല്ലം: സഹോദരനൊപ്പം വീട്ടുവളപ്പിൽ ചാരായം വാറ്റി കായൽമാർഗം ദൂരസ്ഥലങ്ങളിലെത്തിച്ച് മൊത്തക്കച്ചവടം നടത്തിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർ എക്‌സൈസിന്റെ പിടിയിലായി. കായംകുളം ഡിപ്പോയിലെ ജീവനക്കാരനായ കരുനാഗപ്പള്ളി തേവലക്കര അരിനല്ലൂർ മുട്ടം മുട്ടത്ത് വീട്ടിൽ സ്മിനു രാജനാണ് (34) പിടിയിലായത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ സ്മിജോ രാജൻ പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപെട്ടു.

സംഭവത്തെക്കുറിച്ച് എക്സൈസ് പറയുന്നത്: രാത്രികാലങ്ങളിൽ അഷ്ടമുടിക്കായലിന്റെ തെക്കുംഭാഗം, കോയിവിള ഭാഗങ്ങൾ കേന്ദ്രീകരിച്ച് ചാരായ വില്പന നടക്കുന്നതായി വിവരം ലഭിച്ചിരുന്നെങ്കിലും പ്രതിയിലേക്ക് നയിക്കുന്ന സൂചനകളില്ലായിരുന്നു. പുകവലി, മദ്യപാനം തുടങ്ങിയ ദുഃശീലങ്ങളൊന്നും ഇല്ലാതിരുന്ന സ്മിനു നാട്ടിലും മതിപ്പുള്ളവനായിരുന്നു. എന്നാൽ വീട്ടിലുണ്ടാകുന്ന ദിവസങ്ങളിൽ അർദ്ധരാത്രിയോടെ 50 ലിറ്ററിന്റെ കന്നാസുകളിൽ ചാരായം നിറച്ച് തൊട്ടടുത്തുള്ള കായൽതീരത്ത് നിന്ന് വള്ളത്തിൽ കയറ്റി മറ്റുള്ളയിടങ്ങളിൽ മൊത്തക്കച്ചവടം നടത്തുകയായിരുന്നു.

തൊട്ടടുത്തുള്ള സ്ഥലങ്ങളിലോ സുഹൃത്തുക്കൾക്കോ സ്മിനു ചാരായം വിറ്റിരുന്നില്ല. നാട്ടുകാർക്കും ഇതിനെപ്പറ്റി അറിവില്ലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ വട്ടംചുറ്റിയെങ്കിലും സംശയത്തെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം സ്മിനുവിനെ ദിവസങ്ങളായി നിരീക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തിയാണ് പ്രതിയെ കൈയോടെ പിടികൂടിയത്. സംഭവസഥലത്ത് നിന്ന് 150 ലിറ്റർ ചാരായവും 2,700 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി.

കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി. സുരേഷിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബി. സന്തോഷ്, സുധീർ ബാബു, എസ്. കിഷോർ, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി. മോഹനാണ് തുടരന്വേഷണ ചുമതല.