c

പത്തനാപുരം: വൈറസ് രോഗം ബാധിച്ച് പൂച്ചകൾ ചത്തൊടുങ്ങുന്നു. പത്തനാപുരത്ത് കമുകുംചേരി, കിഴക്കേഭാഗം, നടുക്കുന്ന്, പിറവന്തൂർ, ശാസ്താംപടി തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മുപ്പതോളം വളർത്തുപൂച്ചകളും തെരുവുപൂച്ചകളും ചത്തത്.

'ഫെലൈൻ പാൻ ലൂക്കോ പീനിയ' എന്ന പകർച്ചാവ്യാധി രോഗമാണ് പൂച്ചകളിൽ ബാധിക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. 'പാർവോ' എന്ന പേരിലാണ് നാട്ടുകാർക്കിടയിൽ ഈ രോഗം അറിയപ്പെടുന്നത്. ആഹാരം കഴിക്കാതെ അവശനിലയിൽ കാണപ്പെടുന്ന പൂച്ചകൾ ദിവസങ്ങൾക്കുള്ളിൽ വിറയൽ ബാധിച്ച് ചാകുകയാണ് പതിവ്. ജില്ലയിൽ കൊട്ടാരക്കര,​ കരുനാഗപ്പള്ളി മേഖലകളിലും സമാനമായി പൂച്ചകൾ രോഗം ബാധിച്ച് ചത്തതായി വിവരമുണ്ട്.

ഫെലൈൻ പാൻ ലൂക്കോ പീനിയ

മാരകമായ വൈറൽ പകർച്ചാവ്യാധിയാണ് ഫെലൈൻ പാൻ ലൂക്കോ പീനിയ. രോഗം ബാധിക്കുന്ന പൂച്ചകൾ ശക്തമായ പനി, വയറിളക്കം, ഛർദ്ദി മുതലായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കും. വായിലും തൊണ്ടയിലും ഉണ്ടാകുന്ന വ്രണങ്ങൾ മൂലം ആഹാരം വെള്ളവും കഴിക്കാൻ ബുദ്ധിമുട്ടുണ്ടാകും. രോഗം ബാധിച്ച പൂച്ചകളുടെ ഗർഭം അലസാനും സാദ്ധ്യതയുണ്ട്.

'ഫെലൈൻ പാൻ ലൂക്കോ പീനിയ' എന്ന രോഗം ബാധിച്ച് പത്തനാപുരം, കൊട്ടാരക്കര, കരുനാഗപ്പള്ളി മേഖലകളിൽ പൂച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നുണ്ട്. ഒരു പൂച്ചയ്ക്ക് ബാധിച്ചാൽ പ്രദേശത്താകെ പടരുന്നതാണ് രീതി. രോഗലക്ഷണങ്ങൾക്കാണ് മരുന്നുകളുള്ളത്. രോഗത്തെ പ്രതിരോധിക്കാനുള്ള വാക്സിൻ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങി മൃഗാശുപത്രികളിലെത്തിച്ചാൽ കുത്തിവയ്ക്കും. ഡോ. ഡി. ഷൈൻകുമാർ (മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർ)