c

വായ്പാ പദ്ധതികളുമായി പിന്നാക്ക വികസന കോർപ്പറേഷൻ

കൊല്ലം: കൊവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ജനങ്ങളെ കരകയറ്റാൻ സബ്സിഡിയോടെയുള്ള വായ്പാ പദ്ധതികളുമായി പിന്നാക്ക വികസന കോർപ്പറേഷൻ. സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ റീലൈഫ്,​ സ്മൈൽ എന്നീ വായ്പാ പദ്ധതികളാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് കോർപ്പറേഷൻ ആരംഭിച്ചത്. കൊവിഡിന്റെ ആദ്യകാലത്ത് 'ടോപ്പ് അപ്പ്' എന്ന പേരിൽ ആരംഭിച്ച സ്വയംതൊഴിൽ വായ്പാ പദ്ധതിയും ഇപ്പോൾ തുടരുന്നുണ്ട്. നിലവിൽ വായ്പയെടുത്തവർക്ക് ഇതുവരെ തിരിച്ചടച്ച മുതൽത്തുക വായ്പയായി നൽകുന്ന പദ്ധതിയാണിത്.

...........................................................

പുതുജീവനേകാൻ 'റീലൈഫ്'

കോർപ്പറേഷനും പിന്നാക്ക വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് റീലൈഫ്. സ്വയംതൊഴിൽ സംരംഭങ്ങൾക്ക് ഒരുലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നിലവിൽ വായ്പയെടുത്തിട്ടുള്ളവർക്കും 1,20,000 രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്കും അപേക്ഷിക്കാനാകില്ല. വനിതകൾക്ക് മുൻഗണന ലഭിക്കും. സ്വന്തം പേരിലല്ലാത്ത പത്ത് സെന്റിൽ കുറയാത്ത ഭൂമിയുടെ കരമടച്ച രസീത് അപേക്ഷയ്ക്കൊപ്പം ഹാജരാക്കണം.

 വായ്പ ലഭിക്കുന്ന സംരംഭങ്ങൾ

01. പച്ചക്കറി - മത്സ്യക്കൃഷി

02. കച്ചവടം

03. ഭക്ഷ്യസംസ്കരണം

04. കാറ്ററിംഗ്

05. പെട്ടിക്കട

06. തട്ടുകട

07. പപ്പട നിർമ്മാണം

08. മെഴുകുതിരി നിർമ്മാണം

09. നോട്ടുബുക്ക് ബയന്റിംഗ്

10. കരകൗശല നിർമ്മാണം

11. ടെയ്ലറിംഗ്

 അപേക്ഷകർ: 25നും 55നും മദ്ധ്യേ പ്രായമുള്ള ഒ.ബി.സി വിഭാഗക്കാർ

 വായ്പയായി ലഭിക്കുന്നത്: 1 ലക്ഷം രൂപ വരെ

 തിരിച്ചടവ് കാലാവധി: 3 വർഷം

 സബ്സിഡി: 25,000 രൂപ

 വാർഷിക പലിശ: 5 ശതമാനം

.......................................................

പുഞ്ചിരിതൂകി 'സ്മൈൽ'

കൊവിഡ് ബാധിച്ച് മരിച്ച 60 വയസിൽ താഴെയുള്ളവരുടെ ആശ്രിതർക്ക് സംരംഭങ്ങൾ ആരംഭിക്കാൻ അഞ്ച് ലക്ഷം രൂപ വരെ വായ്പയായി നൽകുന്നതാണ് 'സ്മൈൽ' പദ്ധതി. ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ ആവിഷ്കരിച്ച പദ്ധതി സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ മുഖേനയാണ് നടപ്പാക്കുന്നത്.

പരേതൻ മൂന്ന് ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനം ലഭിച്ചിരുന്നയാൾ ആയിരിക്കണം. ഒ.ബി.സി വിഭാഗക്കാർക്കാണ് അപേക്ഷിക്കാവുന്നത്. രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ജൂൺ 30 വരെയായി നിശ്ചയിച്ചിരുന്നെങ്കിലും അപേക്ഷകൾ നേരിട്ട് ജില്ലാ ഓഫീസുകളിൽ സമർപ്പിക്കാം.

വായ്പയായി ലഭിക്കുന്നത്: 5 ലക്ഷം രൂപ വരെ

 സബ്സിഡി: ഒരു ലക്ഷം രൂപ

 തിരിച്ചടവ് കാലവധി: 5 വർഷം

 വാർഷിക പലിശ: 6 ശതമാനം

.............................................................

മറ്റ് പദ്ധതികൾ

01. ബിസിനസ് വായ്പാ പദ്ധതി

02. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കുള്ള പദ്ധതി

03. വിദ്യാഭ്യാസ പദ്ധതികൾ

04. മൈക്രോ ക്രെഡിറ്റ് പദ്ധതികൾ

05. എന്റെ വീട് ഭവന നിർമ്മാണം

06. സ്വസ്ഥഗൃഹ വായ്പ

07. വിവാഹ ധനസഹായ വായ്പ

08. വാഹന വായ്പ

09. സുവർണശ്രീ വായ്പ

10. വ്യക്തിഗത വായ്പ