കൊല്ലം: കൊവിഡ് വാക്സിൻ വിതരണം സി.പി.എം ഹൈജാക്ക് ചെയ്തെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പറഞ്ഞു. വാക്സിൻ നൽകൂ, ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി വടക്കേവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാർ കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വാക്സിനായി കാത്തിരിക്കുമ്പോൾ സി.പി.എം നേതാക്കൾ അവരുടെ ആശ്രിതർക്ക് വാക്സിൻ വിതരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡന്റ് ശിവരാജൻ വടക്കേവിള അദ്ധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ അൻവറുദ്ദീൻ ചാണിക്കൽ. സാദത്ത് ഹബീബ്, പി.വി. അശോക് കുമാർ. അഫ്സൽ തമ്പോര്, ടി. പ്രതാപൻ, അബ്ദുൽ ജലീൽ, നിസാർ അസീസ്, രാജേഷ്, തുളസി എന്നിവർ സംസാരിച്ചു.