നോക്കുകുത്തിയായി ആരോഗ്യവകുപ്പും പൊലീസും
അഞ്ചൽ: മേഖലയിൽ കൊവിഡ് നിയന്ത്രണം കൈവിടുന്നു. അഞ്ചൽ, ഇടമുളയ്ക്കൽ ,അലയമൺ പഞ്ചായത്തുകളിലാണ് കൊവിഡ് വ്യാപനം രൂക്ഷമാകുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അഞ്ചലിൽ 60 പേർക്കും ഇടമുളയ്ക്കലിൽ 50 പേർക്കും അലയമണിൽ 40 പേർക്കും ഏരൂരിൽ 19 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇടമുളയ്ക്കൽ പഞ്ചായത്തിലാണ് കൊവിഡ് നിയന്ത്രണം പൂർണമായും കൈവിട്ടിരിക്കുന്നത്. ഇവിടെ പുത്താറ്റ് മേഖലയിൽ കൊവിഡ് പടർന്ന് പിടിക്കുകയാണ്. അടുത്തടുത്ത വീടുകളിൽ മുപ്പതോളം പേർക്കാണ് ഏതാനും ദിവസങ്ങൾക്കിടെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വാർഡിൽ തന്നെ മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കൊവിഡ് കടുത്തതോടെ പുത്താറ്റ് വാർഡ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയെങ്കിലും ഇവിടെ ആളുകൾ യഥേഷ്ടം പുറത്തേക്ക് പോവുകയും ആളുകൾ ഇവിടേയ്ക്ക് കടന്നുവരികയും ചെയ്യുന്നുണ്ട്.
നിയന്ത്രിക്കാതെ പൊലീസ്
കൊവിഡ് വ്യാപമുള്ള ഇടങ്ങളിൽ വഴിയടയ്ക്കാനോ പരിശോധനകൾ ശക്തമാക്കാനോ അഞ്ചൽ പൊലീസ് തയ്യാറായിട്ടില്ല. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസം രാവിലെ 8 മണിയോടെ ഇവിടെ എത്തിയ പൊലീസ് കൂലിപ്പണിക്ക് പോയ ചിലർക്ക് പെറ്റി എഴുതി നൽകി പോവുക മാത്രമാണ് ചെയ്തത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച വിവരം പോലും ആറിയാതെയാണ് ഇവർ ജോലിക്ക് പോകാൻ ഇറങ്ങിയത്. കൊവിഡ് രൂക്ഷമായ പ്രദേശങ്ങളിൽ വഴിയടയ്ക്കാനും അധികൃതർ തയ്യാറായിട്ടില്ല. നാട്ടുകാർ വേണമെങ്കിൽ വഴി അടച്ചുകൊള്ളട്ടെ എന്നാണ് പൊലീസും പറയുന്നത്.
സെക്ട്രൽ മജിസ്രേട്ട് ഉണ്ടെങ്കിലും അവർ പുലർത്തിവന്ന നിസംഗതയും കൊവിഡ് വർദ്ധിയ്ക്കാൻ കാരണമായെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൊവിഡ് ഒന്നാം ഘട്ടത്തിൽ അഞ്ചലിൽ വ്യാപനം രൂക്ഷമായിരുന്നെങ്കിലും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും കൂട്ടായ പ്രവർത്തനത്തിൽ നിയന്ത്രണ വിധേയമാക്കാന് കഴിഞ്ഞിരുന്നു. ജില്ലാ പൊലീസ് മേധാവിതന്നെ ഇടയ്ക്കിടെ പ്രദേശം സന്ദർശിക്കുകയും കൊവിഡ് പ്രതിരോധത്തിന് ശക്തമായ നേതൃത്വം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി വഷളായിട്ടും അഞ്ചൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ പുറത്തുപോലും കാണുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അധികൃതരുടെ അനാസ്ഥ
ഇടമുളയ്ക്കൽ പഞ്ചായത്തിൽ നിലവിലുള്ള ഹെൽത്ത് ഇൻസ്പെക്ടർ വിരമിച്ചിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും പുതിയ ആളെ നിയച്ചിട്ടില്ല. ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് ഇപ്പോൾ ചുമതല. ഇദ്ദേഹത്തിന്റെ പ്രവർത്തനവും തൃപ്തികരമല്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. മൊത്തത്തിൽ അധികൃതരുടെ അനാസ്ഥയുടെ ഫലമാണ് പുത്താറ്റ് പ്രദേശത്ത് കൊവിഡ് രൂക്ഷമാകാനും നിരവധി ജീവനുകൾ നഷ്ടപ്പെടാനും ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.
കൊവിഡിന് തടയിട്ട് ഏരൂർ പഞ്ചായത്ത്
തോട്ടം മേഖലകൾ ഉൾപ്പെട്ട ഏരൂരിൽ ഗ്രാമപഞ്ചായത്തിന്റെ ശക്തമായ ഇടപെടൽ മൂലം കൊവിഡ് വ്യാപനത്തിന് ഒരു പരിധിവരെ തടയിടാൻ കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജില്ലാ ഭരണകൂടവും വിലയിരുത്തുന്നു.