കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ഭർത്തൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഭർത്താവ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺകുമാറിന് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. സ്ത്രീധന പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകൾ ചേർത്തിട്ടുള്ള കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് അന്വേഷണ ഘട്ടത്തിൽ ജാമ്യത്തിന് അവകാശമില്ലെന്നും വിധിന്യായത്തിൽ സെഷൻസ് കോടതി ജഡ്ജി കെ.വി. ജയകുമാർ പരാമർശിച്ചു.
പോരുവഴി ശാസ്താംനടയിൽ ജൂൺ 21നാണ് ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി നിലമേൽ കൈതോട് സ്വദേശിനി വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ആർ. സേതുനാഥ് ഹാജരായി. ശാസ്താംകോട്ട ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയും കിരണിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.