ചടയമംഗലം: ബാങ്കിൽ എത്തിയ പെൺകുട്ടിയും തിരക്ക് നിയന്ത്രിക്കാൻ എത്തിയ പൊലീസും തമ്മിൽ തർക്കമായി. ഒടുവിൽ പെൺകുട്ടിക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ചടയമംഗലം ഇടുക്കുപാറ സ്വദേശിനിക്കെതിരെയാണ് കേസ്. സാമൂഹിക അകലം പാലിയ്ക്കണമെന്ന കർശന നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തിരക്ക് നിയന്ത്രിക്കാൻ പൊലീസ് എത്തിയത്. അകലം പാലിയ്ക്കാതിരുന്ന പലർക്കും പൊലീസ് നോട്ടീസ് നൽകി.എന്നാൽ പെൺകുട്ടി പൊലീസിനെ എതിർത്തു. എസ്.ഐമാരായ ശരലാൽ,സലിം എന്നിവർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. മാത്രമല്ല പൊലീസ് നൽകിയ നോട്ടീസ് പെറ്റിയാണെന്ന് ധരിച്ച് അവരുടെ മുന്നിൽ വച്ചുതന്നെ വലിച്ചു കീറുകയും ചെയ്തു. തുടർന്ന് പൊലീസ് പെൺകുട്ടിക്കെതിരെ കേസ് എടുക്കുകയായിരുന്നു.