പരവൂർ: പുത്തൻകുളത്ത് അയൽവാസിയായ വീട്ടമ്മയെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന അയൽവാസിയെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൻകുളം എ.എൻ വിഹാറിൽ ജ്യോതിലാലിനെയാണ് (33) പരവൂരിൽ വെച്ച് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മേയ് 25നാണ് യു.എസ് ഭവനിൽ ഉദയന്റെ ഭാര്യ ശൈലജയെ അയൽവാസിയായ ജ്യോതിലാൽ വീട്ടിൽ അതിക്രമിച്ചു കയറി കമ്പിവടികൊണ്ട് തലയ്ക്കടിച്ചത്. ശൈലജ പാരിപ്പള്ളി മെഡി. കോളേജിൽ ചികിത്സ തേടിയിരുന്നു. ശൈലജയുടെ വീടിനോട് ചേർന്ന് കോഴിവളർത്തുന്നതിന് കൂട് സ്ഥാപിക്കാൻ ജ്യോതി ലാൽ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശൈലജയുടെ ഭർത്താവ് പൂതക്കുളം പഞ്ചായത്ത് ഓഫീസിൽ പരാതി നൽകിയതിലുള്ള വിരോധത്താലാണ് ആക്രമണമുണ്ടായത്. പരവൂർ ഇൻസ്പെക്ടർ എ. നിസാർ, എസ്.ഐമാരായ വിജിത് കെ. നായർ, ഷൂജ, എ.എസ്.ഐ ഹരിസോമൻ, സി.പി.ഒമാരായ രതീഷ്, സായിറാം, അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.