anchalummod-
നാഷണൽ സർവീസ് സ്കീം ഉപജീവനം പദ്ധതി പ്രകാരം അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുടെ തൊഴിൽരഹിതയായ രക്ഷകർത്താവിന് തയ്യൽ മെഷീൻ കൈമാറിയപ്പോൾ

കൊല്ലം: അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ തൊഴിൽരഹിതയായ രക്ഷാകർത്താവിന് ഉപജീവനത്തിനായി തയ്യൽ മെഷീൻ വാങ്ങിനൽകി എൻ.എസ്.എസ് വോളണ്ടിയർമാർ മാതൃകയായി. നാഷണൽ സർവീസ് സ്കീമിന്റെ 'ഉപജീവനം' പദ്ധതി പ്രകാരമാണ് തയ്യൽ മെഷീൻ വാങ്ങിനൽകിയത്.

'സ്ക്രാപ്പ് ചലഞ്ചി'ലൂടെ വോളണ്ടിയർമാർ സ്വരൂപിച്ച തുകയും അദ്ധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് കണ്ടെത്തിയ തുകയും ഉപയോഗിച്ചാണ് തയ്യൽ മെഷീൻ വാങ്ങിയത്. ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടുന്ന രണ്ട് വിദ്ധ്യാർത്ഥികൾക്ക് നേരത്തെ ഇത്തരത്തിൽ മൊബൈൽ ഫോണും ഇവർ വാങ്ങിനൽകിയിരുന്നു.

കൊല്ലം ക്ലസ്റ്റർ കൺവീനർ എൽ. ഗ്ലാഡിസൺ, പി.ടി.എ വൈസ് പ്രസിഡന്റ് കെ. അനിൽകുമാർ, എസ്.എം.സി ചെയർമാൻ ബി. ബൈജു, സീനിയർ അസിസ്റ്റന്റ് ജി. ഷീന, പ്രോഗ്രാം ഓഫീസർ ഡോ. ടി.എസ്. ദീപ, അദ്ധ്യാപിക ജോസ്‌ലിൻ ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.