photo
ചെറിയഴീക്കൽ ഭാഗത്ത് വർഷങ്ങളായി തകർന്ന് കിടക്കുന്ന സമുദ്രതീര സംരക്ഷണ ഭിത്തി.

കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിൽ തകർന്ന് കിടക്കുന്ന തീരസംരക്ഷണ ഭിത്തികളും പുലിമുട്ടുകളും പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണത്തിൽ സമുദ്ര തീരം തകർന്നടിയുന്ന സാഹചര്യത്തിലാണ് തീര സംരക്ഷണ ഭിത്തികൾ പഞ്ചായത്തിൽ ഉടനീളം പുനർ നിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയത്. 17 കിലോമീറ്റർ തെക്ക് വടക്കായി കിടക്കുന്ന പഞ്ചായത്തിൽ കടൽ ഭിത്തികൾ തകരാത്ത ഒരു സ്ഥലം പോലുമില്ല. ചെറു തിരമാലകളെ പോലും പ്രതിരോധിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. വെള്ളനാതുരുത്ത് - അഴീക്കൽ റോഡിന് പിടിഞ്ഞാറ് ഭാഗത്തുള്ള സ്ഥലങ്ങൾ തിലമാലകളുടെ ആക്രമണത്തിൽ ഇടിഞ്ഞ് താഴുകയാണ്. തിരമാലകളെ തടഞ്ഞ് നിറുത്തി കര സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളൊന്നും വർഷങ്ങളായി നടക്കുന്നില്ല.

സുനാമിയിൽ തകർന്ന തീരം

17 വർഷത്തിന് മുമ്പ് ഉണ്ടായ സുനാമി ദുരന്തമാണ് ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ മുഖഛായ മാറ്റിയത്. സുനാമി തിരമാലകളുടെ ആക്രമണം ഗ്രാമപഞ്ചായത്തിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. ആ പ്രഹരത്തിൽ നിന്ന് നാടിനിപ്പോഴും മോചനം കിട്ടിയിട്ടില്ല. സുനാമി തിരമാലകളുടെ ശക്തമായ ആക്രമണത്തിൽ പഞ്ചായത്തിലെ മിക്ക ഭാഗങ്ങളിലേയും കടൽ ഭിത്തികൾ പൂർണമായും തകർന്നിരുന്നു. ചെറിയഴീക്കൽ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള കരിങ്കൽ ഭിത്തി മാത്രമാണ് സുനാമി തിരമാലകളുടെ ആക്രമണത്തെ അന്ന് അതിജീവിച്ചത്. എന്നാൽ തുടർന്ന് ഉണ്ടായ കടലാക്രമണത്തിൽ ചെറിയഴീക്കൽ ഭാഗത്തെ കരിങ്കൽ ഭിത്തിക്കും ക്ഷതം സംഭവിച്ചു.

സർക്കാർ ഇടപെടുന്നില്ല

സുനാമി ദുരന്തത്തിന് ശേഷം പഞ്ചായത്തിന്റെ സമഗ്ര പുരോഗതിയെ ലക്ഷ്യമിട്ട് ധാരാളം പാക്കേജുകൾ നടപ്പാക്കിയെങ്കിലും കടൽ ഭിത്തിയുടെ പുനർ നിർമ്മാണത്തിൽ മാറി മാറി വന്ന സർക്കാരുകൾ തയ്യാറായിലെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്ത് ടി.എസ്.കനാലാണ്. മഴ ശക്തമാകുന്ന അവസരങ്ങളിൽ കടലിൽ നിന്നുള്ള ശക്തമായ തിരമാലകൾ കരയിലേക്ക് കയറി കിഴക്ക് ഭാഗത്തുള്ള കനാലിലാണ് പതിക്കുന്നത്. പലയിടങ്ങളിലും കടലും കനാലും തമ്മിൽ 50 മീറ്രറിൽ താഴെ മാത്രമേ അകലമുള്ളു. ഈ സാഹചര്യത്തിൽ സമുദ്രതീരം സംരക്ഷിക്കാൻ ശാസ്ത്രീയമായ രീതിയിൽ കടൽ ഭിത്തികൾ പുനർ നിർമ്മിക്കണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്.